അബൂദബി: പൈതൃക സംസ്കാരത്തിെൻറ പ്രതീകമായ ഇറാഖിലെ മൂസിലിലെ അൽനൂരി പള്ളിയും അൽഹദ്ബ മിനാരവും പുതുക്കിപ്പണിയാനുള്ള പ്രവർത്തനം യുനസ്കോയും യു.എ.ഇ സാംസ്കാരിക വൈജ്ഞാനിക വികസന മന്ത്രാലയവും ആരംഭിച്ചു. യുനെസ്കോയുടെ കീഴിലുള്ള ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസ്ത്ര സാംസ്കാരിക സംഘടനയുമായി സഹകരിച്ച് യു.എ.ഇ സാംസ്കാരിക വൈജ്ഞാനിക വികസന മന്ത്രാലയം ‘മൂസിൽ പൈതൃകം: ഒരു പുതിയ കാലഘട്ടം നിർമിച്ചത് യുവാക്കൾ’ എന്ന ശീർഷകത്തിൽ നാഷനൽ എഡിറ്റർ ഇൻ ചീഫ് മിന അൽ ഒറൈബി മോഡറേറ്ററായി പ്രത്യേക സെമിനാറും സംഘടിപ്പിച്ചു.
തീവ്രവാദികളുടെ ആക്രമണത്തിൽ നശിച്ച പള്ളിയുടെ പുനർനിർമാണ പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാക്കാൻ സഹായിച്ച മൂസിലിലെ പൗരന്മാരെ യു.എ.ഇ സാംസ്കാരിക വൈജ്ഞാനിക വികസന മന്ത്രി നൂറ ബിന്ത് മുഹമ്മദ് അൽ കാബി പ്രശംസിച്ചു. 2018ലാണ് പള്ളി പുനർനിർമിക്കാനുള്ള പദ്ധതിയിൽ യുനെസ്കോ മുൻകൈ എടുത്തത്. 2019 ഫെബ്രുവരി മുതൽ 2020 മാർച്ച് വരെ 300ഓളം വളൻറിയർമാർ പള്ളി തകർക്കപ്പെട്ട ഭാഗത്തെ മാലിന്യങ്ങളും യുദ്ധസാമഗ്രികളും നീക്കംചെയ്താണ് പൈതൃകവും ചരിത്രപരവുമായ കരകൗശലവസ്തുക്കൾ ശേഖരിക്കുന്നതിലും തരംതിരിക്കുന്നതിലും ശ്രദ്ധിച്ചത്. പള്ളി പുനർനിർമിക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ടം ഇതോടെ പൂർത്തിയാക്കി.
കോവിഡ്19 പ്രതിസന്ധിയെ മറികടന്നാണ് യുനെസ്കോ പുനർനിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. മൂസിൽ സർവകലാശാലയിലെ എൻജിനീയറിങ് കൺസൾട്ടൻസി ഓഫിസ് മേധാവി സുഹൈബ് അൽ ഡാർസി, യുനെസ്കോക്കു കീഴിൽ അൽനൂരി പള്ളി പുനർനിർമിക്കാനുള്ള ദേശീയ പ്രോജക്ട് ഡയറക്ടർ രാകൻ അൽ അലഫ്, മൂസിൽ സർവകലാശാലയിലെ പരിഭാഷ പ്രഫസറും ഫോട്ടോഗ്രാഫറുമായ അലി അൽ ബറൂദി, ഇറാഖി കൾചറൽ ആക്ടിവിസ്റ്റും റൈറ്റേഴ്സ് ഫോറത്തിെൻറ സ്ഥാപകനുമായ ഫഹർ സബ, ഇറാഖ് സാംസ്കാരിക-പുരാവസ്തു മന്ത്രാലയത്തിലെ നീനെവേ ഗവർണറേറ്റിലെ ആൻറിക്വിറ്റീസ് ആൻഡ് ഹെറിറ്റേജ് ഇൻസ്പെക്ടർ അബ്ദുൽ റഹ്മാൻ അൽ ഹജ്ജർ, യുനെസ്കോ വളൻറിയർ നർജിസ് ഡാന ഔൺ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.