ദുബൈ: നിയന്ത്രണങ്ങൾക്ക് ഇളവ് വന്നിട്ടും ലോക്ഡൗൺ കാലത്ത് സാങ്കേതികവിദ്യയുടെ സഹായത്തോടെ തേടിയ ആരോഗ്യസേവനങ്ങൾ കൂടുതൽ പിന്തുടരുന്നതായി കണക്കുകൾ. മാസങ്ങൾ നിലനിന്ന നിയന്ത്രണങ്ങൾക്കെല്ലാം സമ്പൂർണമായി ഇളവ് നൽകിയെങ്കിലും ആശുപത്രികളിൽ നേരിട്ട് പോകുന്നതിന് പകരം ടെലിമെഡിസിൻ തുടരാൻ ഇഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുന്നതായി ആശുപത്രി കേന്ദ്രങ്ങളും ചൂണ്ടിക്കാട്ടുന്നു. ദുബൈ നിവാസികൾ ടെലിഹെൽത്ത് സേവനങ്ങളിലൂടെയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും ഡോക്ടർമാരുമായി ആശയവിനിമയം നടത്താനാണ് ഏറെ ഇഷ്ടപ്പെടുന്നത്, കാരണം ലളിതമായ നടപടിക്രമങ്ങളിലൂടെ ഇത് സാധ്യമാകുന്നുവെന്നാണ് രോഗികളും ബന്ധുക്കളും പറയുന്നത്.
ആശുപത്രികളും ക്ലിനിക് േകാൾ സെൻററുകളും അവരുടെ ടെലിമെഡിസിൻ സേവനങ്ങൾ പരിഷ്കരിച്ച് അപ്ഡേറ്റ് ചെയ്തതിനാൽ രോഗികളുടെ ചോദ്യങ്ങളുടെ പ്രവാഹമാണ്. ചില ചോദ്യങ്ങൾ ഫോൺ േകാളുകൾ വഴിയും വിഡിയോ കോൺഫറൻസിങ്ങിലൂടെയും പരിഹരിക്കാനാകുമെങ്കിലും മറ്റ് കേസുകൾ കൂടുതൽ ഗുരുതരമായ ക്ലിനിക്കൽ ഇടപെടൽ ആവശ്യപ്പെടുന്നു. ടെലിമെഡിസിൻ രോഗികൾക്ക് മാത്രമല്ല ആശുപത്രി എമർജൻസി റൂമുകൾക്കും വലിയ സഹായമാണെന്ന് ദുബൈയിലെ പ്രധാന മെഡിക്കൽ സെൻററിലെ ടെലിമെഡിസിൻ മേധാവി ഡോ. സിയാദ് അലോബിഡി പറഞ്ഞു. എമർജൻസി റൂമുകളും ക്ലിനിക്കുകളും നേരിടുന്ന സമ്മർദം കുറക്കുന്നതിനായി ടെലിമെഡിസിൻ വ്യാപകമായി ഉപയോഗിക്കുന്നത് സഹായകരമാകുന്നുണ്ട്.
ടെലിഹെൽത്ത് പരിഹാരങ്ങൾ ക്രമീകരിക്കുന്നതിലൂടെ ആശുപത്രിയിലെത്താതെ വീട്ടിലിരുന്ന് തന്നെ പരിചരണം ലഭിക്കും, മാത്രമല്ല വൈറസ് ബാധിക്കാനുള്ള സാധ്യത കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദൂര പ്രദേശങ്ങളിൽ താമസിക്കുന്ന രോഗികൾക്കും ജോലിയിൽ നിന്ന് അൽപസമയം എടുക്കാൻ കഴിയാത്ത മറ്റുള്ളവർക്കും വെർച്വൽ കൺസൾട്ടേഷൻ ഗുണം ചെയ്യും. ടെലിമെഡിസിൻ സംവിധാനങ്ങളുടെ പ്രശസ്തി വർധിച്ചു. 90 ശതമാനം ആരോഗ്യ സംരക്ഷണ ദാതാക്കളും ഇതിനകം തന്നെ അത്തരം പരിപാടികൾ വികസിപ്പിക്കാനും നടപ്പാക്കാനും തുടങ്ങിയിട്ടുണ്ടെന്നും ഡോ. അലോബിഡി പറഞ്ഞു. വിട്ടുമാറാത്ത രോഗങ്ങളുള്ള രോഗികൾക്ക് കോവിഡ് 19 വൈറസ് ബാധിക്കാനുള്ള സാധ്യത കുറക്കുന്നതിന് ടെലികോൺസൾട്ടേഷനുകൾ മികച്ച തെരഞ്ഞെടുപ്പാണ്. അതുകൊണ്ടു ടെലിമെഡിസിൻ സംവിധാനം ഇഷ്ടപ്പെടുന്നവരുടെയും തെരഞ്ഞെടുക്കുന്നവരുടെയും എണ്ണം അനുദിനം വർധിക്കുകയാണെന്ന് ഇൗ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.