അബൂദബി: കുട്ടികളെയും കൗമാര പ്രായക്കാരെയും ലക്ഷ്യമിട്ടുള്ള ഇൻറർനെറ്റ് തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി അബൂദബി പൊലീസ്. സോഷ്യൽ മീഡിയ സൈറ്റുകളിൽ കുട്ടികളെയും കൗമാര പ്രായക്കാരെയും ലക്ഷ്യമിട്ടുള്ള തട്ടിപ്പുകൾ വ്യാപകമായി. കുടുംബാംഗങ്ങൾ ഓൺലൈൻ ഉപയോഗിക്കുന്ന കുട്ടികളെ ജാഗരൂകരായി നിരീക്ഷിക്കണമെന്നും പൊലീസ്.
ചതിയും കാപട്യ രീതികളുമായി ഒട്ടേറെ പ്രലോഭനങ്ങളും ലാഭകരമായ മാർഗങ്ങളുമായാണ് തട്ടിപ്പുസംഘം ഇരകളെ വല വീശുന്നത്. ഇരകളുടെ ഫോട്ടോ, വിഡിയോ എന്നിവ എടുത്തശേഷം ഭീഷണിപ്പെടുത്തുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്ത കേസുകൾ അടുത്തിടെ ഉണ്ടായതായും പൊലീസ് സൂചിപ്പിച്ചു. അതിനാൽ കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ പ്രത്യേകം നിരീക്ഷിക്കാൻ മാതാപിതാക്കളോട് പൊലീസ് അഭ്യർഥിച്ചു.
വിദൂര പഠനത്തിനായി വെർച്വൽ ഗ്രൂപ്പുകൾ രൂപവത്കരിക്കുമ്പോൾ കുട്ടികളെ ഭീഷണിപ്പെടുത്തൽ, ബ്ലാക്ക് മെയിൽ ചെയ്യൽ തുടങ്ങിയ ശ്രമങ്ങൾ സംബന്ധിച്ച് മാതാപിതാക്കളെ റിപ്പോർട്ട് ചെയ്യാനും കുട്ടികളെ പ്രത്യേകം പ്രോത്സാഹിപ്പിക്കണമെന്നും പൊലീസ് ഉപദേശിച്ചു. 800 2626 എന്ന അമാൻ സർവിസ് നമ്പറിലോ 2626 എന്ന നമ്പറിൽ AMAN എന്ന് എസ്.എം.എസ് സന്ദേശമയച്ചോ ഇത്തരം കേസുകൾ ഉടൻ റിപ്പോർട്ട് ചെയ്യാനും പൊലീസ് കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.