അബൂദബി: യു.എ.ഇ തലസ്ഥാന നഗരിയിലെ ചരിത്രപരമായി പ്രാധാന്യമുള്ള പള്ളികൾ സന്ദർശകർക്കും സഞ്ചാരികൾക്കും സന്ദർശിക്കാനും പഠിക്കാനും സഹായകമാവുന്ന പുതിയ പരിപാടിയുമായി അബൂദബി സാംസ്കാരിക-വിനോദസഞ്ചാര വകുപ്പ്. അബൂദബി ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെൻറ് വിവിധ പള്ളികളുടെ സഹകരണത്തോടെയാണ് ‘മോസ്ക് ടൂർ ഇനിഷ്യേറ്റിവ്’ ആരംഭിച്ചത്. ഇസ്ലാമിക ചരിത്ര സംസ്കാരങ്ങൾ അനുഭവിച്ചറിയാൻ വിനോദ സഞ്ചാരികൾക്കും ഇതുവഴി അവസരമൊരുങ്ങും. പദ്ധതിയുടെ പ്രാരംഭം കുറിച്ച് നടത്തിയ പ്രഥമ മോസ്ക് പര്യടനത്തിൽ അബൂദബി സെൻറ് ജോസഫ്സ് കത്തീഡ്രലിലെ ഫാ. ആൻഡേഴ്സൺ തോംസൺ, സെൻറ് ആൻറണീസ് കത്തീഡ്രൽ ഫോർ കോപ്റ്റിക് ഓർത്തഡോക്സിലെ ഫാ. ഫക്രോ ബിഷപ് എന്നിവരും ഒൗഖാഫ് എക്സിക്യൂട്ടിവ് ഡയറക്ടർ ഒമർ ഹബ്തൂർ അൽ ദാരെ, അബൂദബി ഡെസ്റ്റിനേഷൻ മാർക്കറ്റിങ് മേധാവി സയീദ് റാഷിദ് അൽ സയീദ് എന്നിവരും പങ്കെടുത്തു.
അബൂദബി ശൈഖ് സുൽത്താൻ ബിൻ സായിദ് ഫസ്റ്റ് മോസ്ക്, അൽ മറീനയിലെ അൽ കരീം മോസ്ക്, റീം ദ്വീപിലെ അൽ അസീസ് മോസ്ക്, ഖാലിദിയയിലെ ശൈഖ് സായിദ് ബിൻ സുൽത്താൻ സെക്കൻഡ് മോസ്ക്, മറിയം ഉമ്മു ഈസാ പള്ളി എന്നിവയുൾപ്പെടെ അഞ്ച് പള്ളികളിലാണ് പര്യടനം നടത്തിയത്. അതിഥികൾക്ക് പള്ളികൾ സന്ദർശിക്കുന്നതിെൻറ മര്യാദകൾ പരിചയപ്പെടുത്തി. പള്ളികളുടെ മതപരവും സാമൂഹികവുമായ പങ്ക്, നിർമിക്കുന്നതിലും പരിപാലിക്കുന്നതിലും നടത്തുന്ന ശ്രമങ്ങൾ, ചരിത്രം എന്നിവയും ചർച്ച ചെയ്തു. ഓരോ പള്ളികളുടെയും കഥ, ഇസ്ലാമിക വാസ്തുവിദ്യയുടെ വിശദാംശങ്ങൾ, സ്വീകാര്യത, സമാധാനപരമായ സഹവർത്തിത്വം, സഹകരണം എന്നിവയുടെ പ്രതീകമായി ഇമറാത്തി സമൂഹത്തിൽ പള്ളികൾ വഹിച്ച പങ്ക് തിരിച്ചറിയാനും പര്യടനം സഹായിക്കുമെന്ന് മതകാര്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.