ഷാര്‍ജ: ഗതാഗത നിയമലംഘനത്തെ തുടര്‍ന്ന് ലഭിച്ച പിഴത്തുക എങ്ങനെ അടച്ചു തീര്‍ക്കുമെന്‍ ന് കരുതി ഇനി വിഷമിച്ചിരിക്കേണ്ട. പിഴയില്‍ 50 ശതമാനം ഇളവ് അനുവദിച്ചും ഡ്രൈവിങ് ലൈസന്‍സില്‍ രേഖപ്പെടുത്തിയിട്ടുള്ള എല്ലാ ബ്ലാക്ക് പോയൻറുകളും റദ്ദാക്കിയും ഷാര്‍ജ കിരീടാവകാശിയും ഉപഭരണാധികാരിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ഉത്തരവ് പുറപ്പെടുവിച്ചു. ബുധനാഴ്ച മുതല്‍ ജനുവരി 31 വരെ പിഴ അടക്കുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഷാര്‍ജ റൂളേഴ്സ് കോര്‍ട്ടില്‍ ചേര്‍ന്ന എക്സിക്യൂട്ടിവ് കൗണ്‍സില്‍ യോഗത്തിലായിരുന്നു തീരുമാനം.
ഷാര്‍ജ നിവാസികള്‍ക്ക് ഉപകാരപ്രദമായ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ഷാര്‍ജ പൊലീസ് മുന്നോട്ട് വെച്ച തീരുമാനങ്ങള്‍ പരിഗണിച്ചതില്‍ ഭരണകൂടത്തോടുള്ള കടപ്പാടുകള്‍ രേഖപ്പെടുത്തുന്നതായും ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സഅരി അല്‍ ഷംസി പറഞ്ഞു. ഡ്രൈവര്‍മാര്‍ ഈ ആനൂകൂല്യം പരമാവധി ഉപയോഗപ്പെടുത്താന്‍ മുന്നോട്ട് വരണമെന്നും ഇത്തരമൊരു അസുലഭ അവസരം പാഴാക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് തീരുമാനമെന്നും സാമ്പത്തിക ലാഭത്തോടൊപ്പം ലൈസന്‍സില്‍ പതിഞ്ഞ ബ്ലാക്ക് പോയൻറുകൾ സൗജന്യമായി നീക്കി കിട്ടുന്നത് വലിയ അനുഗ്രഹമാണെന്നും അല്‍ നഹ്ദയില് പ്രവര്‍ത്തിക്കുന്ന മലപ്പുറം സ്വദേശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.