അബൂദബി: റെഡ് ഡിജിറ്റൽ ടാക്സ് സ്റ്റാമ്പുകൾ പതിക്കാത്ത സിഗരറ്റുകൾ വാങ്ങുകയോ വിൽ ക്കുകയോ ചെയ്യുന്നത് ആഗസ്റ്റ് ഒന്നു മുതൽ യു.എ.ഇ വിപണിയിൽ അനുവദിക്കില്ലെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്.ടി.എ) വ്യക്തമാക്കി. ഈ വർഷം ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന പുകയില, പുകയില ഉൽപന്നങ്ങൾ എന്നിവ അടയാളപ്പെടുത്തൽ സംബന്ധിച്ച് 2018ലെ എഫ്.ടി.എ തീരുമാന പ്രകാരമാണ് കർശന നടപടി.
കുറഞ്ഞ നിലവാരത്തിലുള്ള സിഗരറ്റ് ഉപഭോഗം കുറക്കുന്നതിനും സിഗരറ്റ് പാക്കറ്റുകൾ ഇലക്ട്രോണിക് രീതിയിലൂടെ ട്രാക്കുചെയ്യുന്നതിനും പദ്ധതി സഹായകരമാകുമെന്നാണ് വിലയിരുത്തുന്നത്. പുകയില^-പുകയില ഉൽപന്നങ്ങൾ എന്നിവയുടെ നികുതി വെട്ടിപ്പ് തടയുന്നതോടൊപ്പം ഉപഭോക്താക്കളുടെ ആരോഗ്യം, പരിസ്ഥിതി എന്നിവയുടെ സംരക്ഷണവും എഫ്.ടി.എ ലക്ഷ്യമാക്കുന്നു. ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് നടപടിക്രമങ്ങൾ ലംഘിച്ചാൽ എഫ്.ടി.എ പിഴ ചുമത്തും.
രണ്ട് തരത്തിലുള്ള ഡിജിറ്റൽ ടാക്സ് സ്റ്റാമ്പുകളാണുണ്ടാവുക. റെഡ് ഡിജിറ്റൽ ടാക്സ് സ്റ്റാമ്പുകൾ പ്രാദേശിക വിപണികളിലും ഡ്യൂട്ടി ഫ്രീ അറൈവൽ ഷോപ്പുകളിലും വിൽക്കുന്ന പുകയില ഉൽപന്നങ്ങളുടെ പാക്കേജുകളിലും വേണം. രണ്ടാമത്തെ പച്ച സ്റ്റാമ്പ് വിമാനത്താവള പുറപ്പെടൽ ലോഞ്ചുകളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ വിൽക്കുന്ന പുകയില ഉൽപന്നങ്ങളിലാണ് ഉപയോഗിക്കുക. യു.എ.ഇയിലെ സിഗരറ്റ് നിർമ്മാതാക്കൾ, ഇറക്കുമതിക്കാർ, ഡീലർമാർ, ഉപഭോക്താക്കൾ എന്നിവർ തീരുമാനം കർശനമായി പാലിക്കണമെന്നും പൊതുജനങ്ങൾ സഹകരിക്കണമെന്നും എഫ്.ടി.എ ഡയറക്ടർ ജനറൽ ഖാലിദ് അലി അൽ ബുസ്താനി വാർത്താ കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.