അബൂദബി: അനുഗ്രഹങ്ങളുടെയും കാരുണ്യത്തിെൻറയും കാലമായ റമദാനെ വരവേൽക്കാൻ ലോകം ഒരുങ്ങവെ രാജ്യത്തെ തടവറകളിൽ നിന്ന് ആയിരക്കണക്കിന് തടവുകാരെ മോചിപ്പിക്കാൻ തീരുമാനം. പ്രസിഡൻറ് ശൈഖ് ഖലീഫയും ഷാർജ, റാസൽഖൈമ, ഉമ്മുൽഖുവൈൻ ഭരണാധികാരികളുമാണ് ഉത്തരവുകളിറക്കിയത്. വിവിധ ജയിലുകളിൽ പല കുറ്റങ്ങളിലായി ശിക്ഷ അനുഭവിച്ചുവരുന്ന 3005 തടവുകാരെ വിട്ടയക്കാനും അവരുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനുമാണ് പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ ഉത്തരവ്.
ജീവിതത്തിെൻറ ഒരു പ്രത്യേക സന്ദർഭത്തിൽ കുറ്റങ്ങളിൽ പെട്ടുപോയ മനുഷ്യർക്ക് തെറ്റുതിരുത്താനും പുതുജീവിതം ആരംഭിച്ച് കുടുംബങ്ങൾക്ക് സന്തോഷം പകരുവാനും അവസരമൊരുക്കുന്നതിെൻറ ഭാഗമായാണ് ശൈഖ് ഖലീഫയുടെ തീരുമാനം. ഷാർജയിലെ ജയിലുകളിൽ കഴിയുന്ന 377 തടവുകാരെ വിട്ടയക്കാനാണ് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടത്.
ഇന്ത്യക്കാരുൾപ്പെടെയുള്ള തടവുകാർക്കാണ് മോചനം ലഭിക്കുക.
ജയിൽവാസ കാലത്തെ സ്വഭാവ സവിശേഷതകൾ കണക്കിലെടുത്താണ് ആളുകളെ വിട്ടയക്കുന്നത്. തടവറ കാലത്തെ മാനസാന്തരത്തിലൂടെ ശിഷ്ടകാലം കുടുംബവുമൊത്ത് സാധാരണ ജീവിതം നയിക്കാനുള്ള അവസരം ഇവർക്ക് ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്ന് ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് സെയിഫ് മുഹമ്മദ് അൽ സഅരി അൽ ഷംസി പറഞ്ഞു. റാസൽഖൈമയിലെ തടവറകളിൽ നിന്ന് 306 പേരെ വിട്ടയക്കുമെന്നാണ് സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സഉൗദ് ബിൻ സഖർ അൽ ഖാസിമിയുടെ പ്രഖ്യാപനം.
ഉമ്മുൽ ഖുവൈനിലെ ജയിലുകളിൽ നിന്ന് കുറച്ച് തടവുകാരുടെ മോചനം സംബന്ധിച്ച് സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സഉൗദ് ബിൻ റാഷിദ് അൽ മുഅല്ലയും ഉത്തരവിട്ടിട്ടുണ്ട്. തടവുകാരുടെ മോചനം എളുപ്പത്തിൽ സാധ്യമാക്കുമെന്നും പലർക്കും റമദാൻ ആദ്യ ഘട്ടത്തിൽ തന്നെ കുടുംബവുമൊത്ത് ചേരുവാൻ സൗകര്യമൊരുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.