ദുബൈ: ഇറാൻ ആക്രമണകാലത്ത് അറബ് ലീഗിന്‍റെയും ജി.സി.സിയുടേയും നിലപാടുകൾ ദുർബലമായിരുന്നുവെന്ന് യു.എ.ഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേശകൻ അൻവർ ഗർഗാഷ്. ദുബൈയിൽ നടന്ന ‘ഗൾഫ് ഇൻഫ്ലൂവൻസേഴ്സ് ഫോറ’ത്തിൽ സംസാരിക്കുകയായിരുന്നു ഗർഗാഷ്. ഗൾഫിന് അമേരിക്കയുമായുള്ള രാഷ്ട്രീയ, സൈനിക, സാമ്പത്തിക സഹകരണം പുതിയ സാഹചര്യത്തിൽ കൂടുതൽ അനിവാര്യമാണെന്നും അൻവർ ഗർഗാഷ് പറഞ്ഞു.
സംഘർഷകാലത്ത് സഖ്യങ്ങൾ പുനപരിശോധിക്കുമ്പോൾ എന്ന വിഷയത്തിൽ സംസാരിക്കവേയാണ് ഡോ. അൻവർ ഗർഗാഷ് പതിവില്ലാത്തവിധം അറബ് ലീഗിനെയും ജി.സി.സിയേയും കടന്നാക്രമിച്ചത്. ഇറാൻ ആക്രമണകാലത്ത് അറബ് ലീഗിന്‍റെ നിലപാട് ദുർബലമാകുമെന്ന് പ്രതീക്ഷിച്ചതാണ്. എന്നാൽ, ജി.സി.സി രാജ്യങ്ങളുടെ ഭാഗത്ത് നിന്ന് അത് പ്രതീക്ഷിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഈജിപ്ത്, മൊറോക്കോ, സിറിയ എന്നീ രാജ്യങ്ങളാണ് ഇറാൻ ആക്രമണകാലത്ത് ക്രിയാത്മകായി നിലകൊണ്ടതെന്ന് ഗർഗാഷ് പറഞ്ഞു. ഇറാന്‍റെ ഭാഗത്ത് നിന്ന് ആസൂത്രിതമായ ആക്രമണമാണ് ഗൾഫ് രാജ്യങ്ങൾ നേരിട്ടത്. അത് പെട്ടെന്നുണ്ടായ പ്രതികരണമാണെന്ന് കരുതുന്നില്ല.
ഇറാൻ എത്രമാത്രം അപകടകരമാണെന്നും, അവർ അണുവായുധം സ്വന്തമാക്കിയാൽ മേഖലയിൽ അതിന്‍റെ ഭീഷണി എത്രമാത്രമാണെന്നും ഇപ്പോൾ വ്യക്തമാണ്.
യു.എ.ഇയിലേക്ക് മിസൈലുകൾ അയച്ചത് ഇറാനാണെന്നും പ്രതിരോധിച്ചത് അമേരിക്കൻ സംവിധാനങ്ങൾ ഉപയോഗിച്ചാണെന്നും ഗർഗാഷ് പറഞ്ഞു. മേഖലയിൽ ഭാവിയിൽ കൂടുതൽ പ്രതിസന്ധികൾക്ക് വിത്തിടുന്ന പരിഹാരമല്ല വേണ്ടത്.
സ്വന്തം ശക്തിവളർത്താനും, പരസ്പരബന്ധം ശക്തമാക്കാനും, മേഖലയുടെ സുരക്ഷക്ക് പ്രാധാന്യം നൽകി സ്വതന്ത്രമായി തീരുമാനമെടുക്കാനും ഗൾഫ് രാജ്യങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.