ദുബൈ: എമിറേറ്റിൽ ഇ-സ്കൂട്ടർ, സൈക്കിൾ യാത്രയിൽ നിയമലംഘനങ്ങൾ വ്യാപമാകുന്ന സാഹചര്യത്തിൽ നിരീക്ഷണത്തിനും നിയമ നടപടി സ്വീകരിക്കുന്നതിനുമായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യും ദുബൈ പൊലീസും സംയുക്തമായാണ് പുതിയ നിരീക്ഷണ യൂനിറ്റിന് രൂപം നൽകിയത്. മേയ് ഒന്ന് മുതൽ നിരീക്ഷണ സംഘം പ്രവർത്തനം തുടങ്ങുമെന്ന് ആർ.ടി.എ വാർത്ത കുറിപ്പിൽ അറിയിച്ചു. ജുമൈറ ബീച്ച് ട്രാക്ക്, മുഹമ്മദ് ബിൻ റാശിദ് ബൊളിവാഡ്, ദുബൈ വാട്ടർ കനാൽ, ബിസിനസ് ബേ, ദുബൈ മറീന, അൽ മൻകൂൽ, അൽ കറാമ, അൽ ഹംറിയ, അൽ റഫ, അൽ മുറാഖബാത്ത് തുടങ്ങിയ പ്രധാന മേഖലകളിലെ സൈക്കിൾ ട്രാക്കുകൾ, മെയിൻ റോഡുകൾ, സോഫ്റ്റ് മൊബിലിറ്റി സോണുകൾ എന്നിവിടങ്ങളിലെല്ലാം നിരീക്ഷണ സംഘത്തിന്‍റെ സാന്നിധ്യം ഉറപ്പാക്കും. ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലൂടെ സോഫ്റ്റ് മൊബിലിറ്റി ഉപയോക്താക്കളിൽ സുരക്ഷിതമായ ഡ്രൈവിങ് സ്വഭാവ രീതികൾ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. നിയുക്ത ട്രാക്കുകളിലൂടെ മാത്രം വാഹനം ഓടിക്കുക, ഹെൽമെറ്റും മറ്റ് സുരക്ഷ ഉപകരണങ്ങളും ധരിക്കുക, നിശ്ചിത വേഗ നിയന്ത്രണം പാലിക്കുക, അശ്രദ്ധമായ ഡ്രൈവിങ് തടയുക തുടങ്ങിയ കാര്യങ്ങളിലായിരിക്കും സംഘത്തിന്‍റെ നിരീക്ഷണം. ആദ്യ ഘട്ടത്തിൽ നിയമലംഘനം ശ്രദ്ധയിൽപ്പെടുത്തുകയും നിയമങ്ങൾ പാലിക്കാതെ ഉപയോഗിക്കുന്ന വാഹനങ്ങൾ എമിറേറ്റ്സ് ഓക്ഷൻ എൽ.എൽ.സിയുമായി കൈകോർത്ത് പിടിച്ചെടുക്കുകയും ചെയ്യും.
ഗതാഗതം, സുരക്ഷ, നവീകരണം എന്നിവക്ക് വേണ്ടിയുള്ള ദുബൈയുടെ ഭാവി കാഴ്ചപ്പാടുകളെ പിന്തുണക്കുന്ന ഒരു സംയോജിത ചട്ടക്കൂടിൽ നിന്നുകൊണ്ടാണ് ആർ.ടി.എയും ദുബൈ പൊലീസും ചേർന്ന് പുതിയ നിരീക്ഷണ യൂനിറ്റ് സ്ഥാപിച്ചിരിക്കുന്നതെന്ന് ആർ.ടി.എ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സി.ഇ.ഒ ഹുസൈൻ അൽ ബന്ന പറഞ്ഞു. റോഡ് ഉപയോക്താക്കളുടെ ട്രാഫിക് സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി ദുബൈ പൊലീസും ആർ.ടി.എയും തമ്മിൽ തുടരുന്ന സഹകരണത്തിന്‍റെ ഭാഗമാണ് പുതിയ സംരംഭമെന്ന് ദുബൈ പൊലീസിന്‍റെ ഓപറേഷൻസ് അഫേഴ്സ് അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. നിയുക്ത ട്രാക്കുകളിൽ ഇ-സ്കൂട്ടറുകളും സൈക്കിളുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങളും ആവശ്യമായ നിർദേശങ്ങളും ആർ.ടി.എ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഇത് പരിശോധിക്കാമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.