അജ്മാന്: ചെയ്യാത്ത തെറ്റിന് പുലിവാല് പിടിച്ച ഗതികേടിലാണ് കാസര്‍ഗോഡ് പരപ്പ സ്വദേശി ഇബ്രാഹീം. ഷാര്‍ജയിലെ ടൈപ്പിങ് കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഇബ്രാഹീം ഗള്‍ഫിലെത്തി രണ്ടര വര്‍ഷം പിന്നിട്ടപ്പോഴാണ് ജേഷ്ഠന്റെ വിവാഹത്തിനായി കഴിഞ്ഞ ഫെബ്രുവരിയില്‍ നാട്ടില്‍ പോകുന്നത്. ദുബൈ വിമാനത്താവളത്തിൽ ഇബ്രാഹിമിനെ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുനിര്‍ത്തി. കേസുണ്ടെന്നായിരുന്നു കാരണം. യാത്ര മുടങ്ങി. സ്വന്തമായി ബാങ്ക് അക്കൗണ്ടോ വണ്ടിയോ ഒന്നുമില്ലാത്ത ഇബ്രാഹീം തനിക്കെതിരെ ഒരു കേസുണ്ടാകുമെന്നു സ്വപ്നത്തില്‍ പോലും കരുതിയില്ല. എമിഗ്രേഷന്‍ അധികൃതര്‍ ഇബ്രാഹീമിനെ ദുബൈ പൊലീസിനു കൈമാറി. ദുബൈ പൊലീസ് ഷാര്‍ജ പൊലീസ് ഹെഡ് കോര്‍ട്ടേഴ്സിലേക്ക് കൊണ്ട് പോയി. ചോദ്യം ചെയ്യിലിനിടയിലാണ് താന്‍ പിടിക്കപ്പെട്ട കേസിെൻറ കാരണം ഇയാൾ അറിയുന്നത്. വ്യാപകമായി നടക്കുന്ന വ്യാജ സമ്മാന തട്ടിപ്പില്‍ ഇരകള്‍ക്ക് തട്ടിപ്പുകാര്‍ നല്‍കിയിട്ടുള്ളത് ഇബ്രാഹീമിന്റെ തിരിച്ചറിയല്‍ രേഖയും ഫോട്ടോയുമാണ്. രണ്ടു ലക്ഷം ദിര്‍ഹം സമ്മാനം അടിച്ചിട്ടുണ്ടെന്നും നടപടിക്രമങ്ങള്‍ക്കായി പതിനൊന്നായിരം ദിര്‍ഹം നല്‍കണമെന്നും ഒരു സ്വദേശിയെ തട്ടിപ്പുകാര്‍ പറഞ്ഞു പറ്റിച്ചു.
തെളിവിനായി നല്‍കിയത് ഇബ്രാഹീമിന്റെ തിരിച്ചറിയ രേഖയുടെ കോപ്പിയും ഫെയിസ് ബുക്കില്‍ നിന്ന് എടുത്ത ഫോട്ടോയും. കബളിപ്പിക്കപ്പെട്ടത് അറിഞ്ഞ സ്വദേശി പോലീസില്‍ പരാതി നല്കി. കബളിപ്പിക്കപ്പെട്ട വ്യക്തി അടുത്ത ദിവസം പബ്ലിക് പ്രോസിക്യുഷനില്‍ വന്ന് ഇബ്രാഹീമുമായി വിശദമായിത്തന്നെ സംസാരിച്ചതോടെ താനുമായി ആദ്യം സംസാരിച്ച പ്രതി ഇയാളല്ലെന്നു സാക്ഷ്യപ്പെടുത്തി. കേസില്‍ നിന്നും ഒഴിവായില്ലെങ്കിലും ജാമ്യം ലഭിച്ചു. പാസ്പോർട്ടും തിരിെക കിട്ടി. നാട്ടിൽ പോയി തെൻറ വിവാഹവും പറഞ്ഞുറപ്പിച്ചു. തിരികെ എത്തി എതാനും ദിവസം കഴിഞ്ഞപ്പോൾ ദുബൈ സി.ഐ.ഡി യില്‍ നിന്ന് ഫോണ്‍ വന്നു. ഒരു കേസുണ്ടെന്നറിയിച്ച്. അന്വേഷിച്ച് നോക്കുമ്പോള്‍ വീണ്ടും പഴയതുപോലുള്ള കേസ്. ജബല്‍ അലി സ്റ്റേഷനില്‍ എത്താനായിരുന്നു നിര്‍ദേശം. അവിടെ എത്തിയപ്പോഴാണ് ഖിസൈസ് പൊലീസിലും ഇതേ പോലുള്ള മറ്റൊരു കേസ് ഉള്ളതായി അറിയുന്നത്. ജബല്‍ അലിയിലെ കേസ് പെട്ടെന്ന് തീര്‍ന്നെങ്കിലും ഖിസൈസ് കേസില്‍ ഏതാനും ദിവസം ജയിലില്‍ കിടക്കേണ്ടി വന്നു. കേസുകള്‍ വര്‍ദ്ധിച്ചതോടെ ഇനിയും വല്ല കേസുണ്ടോ എന്ന് ഇടക്കിടെ പരിശോധിക്കാറുണ്ടായിരുന്നതായി ഇബ്രാഹീം പറയുന്നു. ഇതിനിടയില്‍ ഇബ്രാഹീമിന്റെ വിസാ കാലാവധി തീര്‍ന്നു. കമ്പനിയുടെ മറ്റൊരു ബ്രാഞ്ചില്‍ വിസയടിക്കാന്‍ ശ്രമിച്ചപ്പോള്‍ കഴിയുന്നില്ല.
അന്വേഷിച്ചപ്പോഴാണ് അറിയുന്നത് ഷാര്‍ജയില്‍ പുതിയ കേസുണ്ടെന്ന്. അവിടെ നാലു ലക്ഷം ദിര്‍ഹം തട്ടിപ്പാണ് നടന്നിട്ടുള്ളത്. അവിടെ ജേഷ്ഠന്റെ പാസ്പോര്‍ട്ട് ജാമ്യം വെച്ച് പുറത്തിറങ്ങി. കഴിഞ്ഞ ആഴ്ച അറബാബ് നിര്ദേശിച്ചതിനനുസൃതമായാണ് ഇബ്രാഹീം അല്‍ ഐന്‍ പൊലീസിലേക്ക് പോകുന്നത്. അവിടെയെത്തിയപ്പോള്‍ പുതിയ ഒരു കേസും കൂടി. ഇബ്രാഹീം മാത്രമല്ല മറ്റൊരു പാക് സ്വദേശിക്കും ഇതേ പോലുള്ള കേസ്. കേസുമായി ബന്ധപ്പെട്ട പാകിസ്താനി ഇബ്രാഹീമിനെ സൂക്ഷിച്ച് നോക്കുന്നത് കണ്ട് അന്വേഷിച്ചപ്പോള്‍ പറയുന്നു അദ്ദേഹത്തിനും ഇബ്രാഹീമിന്റെ തിരിച്ചറിയല്‍ രേഖയും ഫോട്ടോയും വെച്ച് ഒരു മാസം മുൻപ് വ്യാജ സന്ദേശം ലഭിച്ചിരുന്നെന്ന്. അവിടത്തെ പബ്ലിക് പ്രോസിക്യുഷനില്‍ ഹാജരാക്കി. ജാമ്യം വെക്കാന്‍ പാസ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ രണ്ടായിരം ദിര്‍ഹം ജാമ്യ തുക കെട്ടിവെച്ച് പുറത്തിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ മറ്റൊരു തടസ്സം ജബല്‍ അലിയില്‍ കേസുണ്ട്. അല്‍ ഐന്‍ പൊലീസ് ഇബ്രാഹീമിനെ നേരേ ദുബൈ പൊലീസിന് കൈമാറി. കുറേ അന്വേഷണങ്ങള്‍ക്ക് ശേഷം അനുജന്റെ പാസ്പോര്‍ട്ട് ജാമ്യത്തില്‍ ഇറങ്ങി. ഇപ്പോള്‍ പുതിയ വല്ല കേസുമുണ്ടോ എന്ന വേവലാതിയില്‍ വിസ പോലുമടിക്കാന്‍ കഴിയാതെ നട്ടം തിരിയുകയാണ് ഈ ഇരുപത്തിയഞ്ചുകാരന്.
ഇതിനിടെ കഴിഞ്ഞ പത്തൊമ്പതിന് ദുബൈയിലെ കേസ് വാദത്തിനു വെച്ചിരുന്നെങ്കിലും ഇബ്രാഹീം അറിയാതെ പോയി. ഇനി ഡിസംബര്‍ മുപ്പത്തിയൊന്നിനാണ് അടുത്ത ഹിയറിംഗ്. അതില്‍ ഒരുപക്ഷെ ദുബയിലെ കേസ് തീരുമാനമാകുമെങ്കിലും മറ്റുള്ള സ്ഥലങ്ങളിലേത് എന്താകുമെന്നു ഒരു പിടിയുമില്ല. കേസ് കാര്യങ്ങള്‍ക്കായി ദിവസവും കറങ്ങി നടക്കുന്നതിനാല്‍ സ്വസ്ഥമായി ജോലി ചെയ്യാനും കഴിയുന്നില്ലെന്ന് ഇബ്രാഹീം പറയുന്നു. കേസുകളില്‍ പെട്ട് വലയുന്ന ഇബ്രാഹീമിന് വിസയടിച്ച് കിട്ടിയിട്ട് വേണം നാട്ടില്‍ പോയി പറഞ്ഞുറപ്പിച്ച പെണ്ണിനെ ജീവിതത്തിലേക്ക് കൂട്ടാന്‍. ഇന്ത്യന്‍ എംബസിയോ മലയാളികളായ ഉയര്‍ന്ന വ്യക്തിത്വങ്ങളോ ഇടപെട്ട് തന്നെ ഈ ഊരാകുടുക്കില്‍ നിന്ന് രക്ഷപ്പെടുത്തി തന്നിരുന്നെങ്കില്‍ എന്ന ശുഭപ്രതീക്ഷയോടെയാണ് ഇബ്രാഹീം ദിവസങ്ങള്‍ തള്ളി നീക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.