ദുബൈ: മേഖലയിലെ സംഘർഷാന്തരീക്ഷത്തിനിടെ വിവിധ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികൾക്കും യു.എ.ഇയുടെ കരുതൽ. ഇതിനകം യാത്ര പ്രയാസത്തിലായ 500ഓളം ഗോൾഡൻ വിസക്കാരെയും താമസക്കാരെയും തിരിച്ചെത്തിച്ചതായി അധികൃതർ വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയവും ദേശീയ അടിയന്തര, ദുരന്തനിവാരണ അതോറിറ്റിയും ചേർന്നാണ് തിരിച്ചുവരവിന് സഹായമൊരുക്കിയത്. ‘ജനങ്ങൾ ആദ്യം’ എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ള യു.എ.ഇയുടെ മാനവിക സമീപനത്തിന്റെയും രാജ്യത്തിന്റെ നേതൃത്വത്തിന്റെ കാഴ്ചപ്പാടിന്റെയും പ്രതിഫലനമാണ് നടപടികളെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
വിവിധ കര, വ്യോമ അതിർത്തികൾ വഴിയാണ് ഇവരെ യു.എ.ഇയിൽ എത്തിച്ചത്. നേരത്തെ സംഘർഷം ആരംഭിച്ച ശേഷം വിവിധ നാടുകളിൽനിന്ന് 6000ത്തോളം പൗരന്മാരെയും സഹായികളെയും തിരിച്ചെത്തിച്ചതായി അധികൃതർ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് താമസിക്കുന്ന പൗരന്മാരുടെയും വിദേശികളുടെയും ജീവിത നിലവാരം ഉയർത്തുകയും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുകയും ചെയ്യുകയാണ് നയത്തിന്റെ ലക്ഷ്യം.
മേഖലയിൽ സംഭവവികാസങ്ങൾ ആരംഭിച്ച ആദ്യ നിമിഷം മുതൽതന്നെ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഏജൻസികൾ സജ്ജമായിരുന്നുവെന്ന് മന്ത്രാലയവും അതോറിറ്റിയും പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തിനകത്തും വിദേശത്തുമുള്ള പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി വേഗത്തിലും കാര്യക്ഷമമായും പ്രതികരിക്കാൻ സാധിച്ചതായും പ്രസ്താവന കൂട്ടിച്ചേർത്തു.
പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷയാണ് യു.എ.ഇയുടെ പ്രധാന മുൻഗണനകളിലൊന്നെന്ന് അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി. തിരിച്ചെത്തിക്കൽ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കിയതിലൂടെ ദേശീയ സ്ഥാപനങ്ങളുടെ ഏകോപിത പ്രവർത്തനവും യു.എ.ഇയുടെ ഭരണ സംവിധാനത്തിന്റെ കാര്യക്ഷമതയും വിവിധ വെല്ലുവിളികളെ പ്രൊഫഷണൽ രീതിയിൽ നേരിടാനുള്ള കഴിവ് വീണ്ടും തെളിയിച്ചുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.