ദുബൈ: അതിവേഗം പുരോഗമിക്കുന്ന ബഹിരാകാശ ദൗത്യങ്ങളിലൂടെ യു.എ.ഇ മുന്നോട്ടുവെക്കുന്നത് ബഹുമുഖ ലക്ഷ്യങ്ങൾ. രാജ്യം എല്ലാ മേഖലകളിലും കൈവരിക്കുന്ന നേട്ടങ്ങളുടെ പ്രതിഫലനം ശാസ്ത്രമേഖലയിലുമുണ്ടാകുക എന്നതിനപ്പുറം ഭാവി ലോകത്തിന്റെയും തലമുറയുടെയും ആവശ്യങ്ങൾകൂടി പരിഗണിച്ചാണ് പുതിയ പദ്ധതികളുമായി രംഗത്തുവരുന്നത്.
ദീർഘകാല ബഹിരാകാശ ദൗത്യത്തിന് പുറപ്പെടുംമുമ്പ് സുൽത്താൻ അൽ നിയാദി ‘വരുംതലമുറക്ക് വഴിതുറക്കാനായി ഞങ്ങളിതാ പറന്നുയരുന്നു’ എന്ന് പറഞ്ഞത് ഇതിലേക്ക് വിരൽചൂണ്ടുന്നതാണ്. ദുബൈ കേന്ദ്രമായ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശകേന്ദ്രമാണ് പര്യവേക്ഷണങ്ങൾക്കും ദൗത്യങ്ങൾക്കും നേതൃത്വം നൽകുന്നത്. ബഹിരാകാശ പദ്ധതികളിലൂടെ യു.എ.ഇ ലക്ഷ്യംവെക്കുന്ന കാര്യങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം.
- ശാസ്ത്രഗവേഷണങ്ങളും ബഹിരാകാശ പര്യവേക്ഷണവും പ്രോത്സാഹിപ്പിക്കുക. ഇതിനായി ബഹിരാകാശ സാങ്കേതികവിദ്യകളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാനായി വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്. അൽ നിയാദിയുടെ യാത്ര ഗവേഷണരംഗത്ത് വലിയ മുന്നേറ്റത്തിന് തുടക്കമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
- ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതശാസ്ത്രം തുടങ്ങിയ മേഖലയിൽ ഭാവി തലമുറയെ പ്രചോദിപ്പിക്കുക. ഏതു സാഹചര്യത്തിൽനിന്നു വരുന്നവർക്കും പ്രാപ്യമായ രംഗമാണ് ബഹിരാകാശ മേഖലയെന്ന് ബോധ്യപ്പെടുത്തുകയാണ് സമീപകാല ദൗത്യങ്ങൾ.
- ശാസ്ത്ര മേഖലയിൽ മുന്നേറിയ രാജ്യങ്ങളുമായും സ്ഥാപനങ്ങളുമായും പങ്കാളിത്തം സൃഷ്ടിക്കുക. യു.എസ്, റഷ്യ, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുമായി നിലവിൽ തന്നെ പങ്കാളിത്തം രൂപപ്പെടുത്തിയിട്ടുണ്ട്. ബഹിരാകാശ വ്യവസായത്തിൽ യു.എ.ഇയുടെ ആഗോളനില ശക്തിപ്പെടുത്താൻ സഹകരണം സഹായിക്കും.
- ബഹിരാകാശ മേഖലകൾ വഴി സാമ്പത്തിക വികസനവും നിക്ഷേപവും ആകർഷിക്കുക. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കാനും ബഹിരാകാശ സാങ്കേതികവിദ്യകളിലും അടിസ്ഥാന സൗകര്യങ്ങളിലും നിക്ഷേപം നടത്തുന്നത് സഹായിക്കും.
- വൈദ്യശാസ്ത്രം, ജീവശാസ്ത്രം, ഭൗതികശാസ്ത്രം എന്നീ മേഖലകളിലെ മുന്നേറ്റം. പുതിയ ശാസ്ത്രമേഖലകളിലേക്ക് പ്രവേശിക്കാനും ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് വഴിയൊരുക്കാനും നിലവിലെ ദൗത്യങ്ങൾ വലിയതോതിൽ ഉപകാരപ്പെടും.
- പുതിയ സാങ്കേതികജ്ഞാന മേഖലയിൽ മുന്നിട്ടുനിൽക്കുക.
സാങ്കേതിക രംഗത്ത് ഉയർന്നുവരുന്ന നവീന ആശയങ്ങളും ആശയവിനിമയ രംഗത്ത് രൂപപ്പെടുന്ന പുതിയ സംവിധാനങ്ങളും രാജ്യത്ത് ലഭ്യമാക്കുക എന്നതും ദൗത്യത്തിലൂടെ ലക്ഷ്യംവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.