ദുബൈ: സ്വകാര്യ സ്കൂളുകളുടെ മേല്‍നോട്ടത്തില്‍ വിജ്ഞാന മാനവ വികസന അതോറിറ്റിക്ക് (കെ.എച്ച്.ഡി.എ) കൂടുതല്‍ അധികാരം നല്‍കിക്കൊണ്ട് ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഉത്തരവ് പുറപ്പെടുവിച്ചു. ശനിയാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ സ്കൂള്‍ അധികൃതര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവരുടെ ഉത്തരവാദിത്തങ്ങളും വിവരിക്കുന്നുണ്ട്.
ഒരു ദശാബ്ദത്തിലധികമായി ദുബൈയിലെ സ്വകാര്യ സ്കൂള്‍ മേഖല നിയന്ത്രിക്കുന്നത് കെ.എച്ച്.ഡി.എ ആണെങ്കിലും പുതിയ ഉത്തരവ് പ്രകാരമാണ് ഇതു സംബന്ധിച്ച് വ്യക്തമായ നിര്‍ദേശവും കൂടുതല്‍ അധികാരവും അതോറിറ്റിക്ക് ലഭിക്കുന്നത്. പുതിയ ഉത്തരവിന്‍െറ പ്രാബല്യത്തോടെ സ്വകാര്യ സ്കൂളുകളിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിതരാവും. ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങളും സൗകര്യങ്ങളും നിശ്ചയിക്കുക, പരാതികള്‍ അന്വേഷിക്കുക, സ്വകാര്യ സ്കൂളുകള്‍ക്കുള്ള പ്രാഥമിക അനുമതിയും ലൈസന്‍സും അനുവദിക്കുക, പുതിയ സ്കൂളുകള്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലവും അക്കാദമിക പ്ളാനും അനുയോജ്യമാണോയെന്ന് തീരുമാനിക്കുക തുടങ്ങിയ അധികാരങ്ങളും ഉത്തരവ് കെ.എച്ച്.ഡി.എക്ക് നല്‍കുന്നു. നിയമലംഘനം നടത്തുന്ന സ്കൂളുകള്‍ക്ക് പിഴ നിശ്ചയിക്കാനും അതോറിറ്റിക്ക് സാധിക്കും. പാഠ്യക്രമത്തിന് ആവശ്യമായ നടപടികള്‍, നയങ്ങള്‍, നിബന്ധനകള്‍, സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകളുടെ നിലവാരം എന്നിവയും അതോറിറ്റി നിശ്ചയിക്കും. യോഗ്യരായ അധ്യാപകരെ നിയമിക്കല്‍, കൃത്യമായ വിദ്യാര്‍ഥി സുരക്ഷാ നയം നടപ്പാക്കല്‍, സ്കൂള്‍ വളപ്പ്, സ്കൂള്‍ ബസ് എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം ഏറ്റെടുക്കല്‍ എന്നിവ സ്കൂളുകളുടെ ഉത്തരവാദിത്തമാണെന്ന് ഉത്തരവ് പറയുന്നു. സ്കൂള്‍ നടത്തിപ്പുകാരെ നിയമിക്കല്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ നിയമനവും മാറ്റവും, വിദ്യാഭ്യാസ അനുമതി ഭേദഗതി ചെയ്യല്‍, വിദ്യാര്‍ഥി രജിസ്ട്രേഷന്‍, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, കൗണ്‍സലിങ്, ധനശേഖരണ യജ്ഞങ്ങള്‍, പാഠ്യക്രമ കലണ്ടര്‍ തയാറാക്കല്‍, പാഠ്യക്രമത്തിലെ ഭേദഗതി, സ്കൂളിന്‍െറ പേര്, വിലാസം, കെട്ടിടം, സൗകര്യങ്ങള്‍ എന്നിവയില്‍ മാറ്റംവരുത്തല്‍ എന്നിവക്കൊക്കെ മുന്‍കൂട്ടിയുള്ള അനുമതി വേണമെന്ന് നിയമം വ്യക്തമാക്കുന്നു. സ്കൂള്‍ കാര്യങ്ങളില്‍ നടത്തിപ്പുകാരോ പ്രിന്‍സിപ്പലോ അല്ലാതെ ആരെങ്കിലും ഇടപെടുന്നതിനെ വിലക്കുകയും ചെയ്യുന്നു.
ഒൗദ്യോഗിക വിജ്ഞാപനത്തില്‍ പ്രസിദ്ധീകരിച്ചത് മുതല്‍ ഉത്തരവിന് പ്രാബല്യമുണ്ട്. ഉത്തരവ് പ്രകാരമുള്ള നിബന്ധനകള്‍ സ്കൂളുകള്‍ ഒരു വര്‍ഷത്തിനകം നടപ്പാക്കിയിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.