ദുബൈ/ഷാര്‍ജ: മഴ കാണാനും  ആസ്വദിക്കാനുമായി നാട്ടില്‍ പോകാന്‍ കൊതിക്കുന്ന പ്രവാസികള്‍ ഇന്നലെ സാമൂഹിക മാധ്യമങ്ങളിലൂടെ കേരളക്കാരെ മഴ കാണാന്‍ ക്ഷണിച്ചു. നാട്ടില്‍ ചൂടും ജലക്ഷാമവും രൂക്ഷമായിക്കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ക്കിടയിലാണ് യു.എ.ഇയിലെങ്ങും മഴ നന്നായി പെയ്യുന്നത്. എല്ലാ എമിറേറ്റുകളിലും പല സമയങ്ങളിലായി ഞായറാഴ്ച മഴ പെയ്തു. ഷാര്‍ജയിലും ഉപനഗരങ്ങളിലും ഞായറാഴ്ച നല്ലതോതില്‍ മഴ ലഭിച്ചു. 
പലഭാഗത്തും വെള്ളക്കെട്ടുയര്‍ന്നു. ഓര്‍ക്കാപ്പുറത്ത് പെയ്ത മഴയില്‍ പലരും വഴിയില്‍ കുടുങ്ങി. കുട കൈയില്‍ കരുതിയവര്‍ മഴ ആസ്വദിച്ച് നടന്നപ്പോള്‍, കുട എടുക്കാന്‍ മറന്നവര്‍ കൈയില്‍ കിട്ടിയത് കുടയാക്കി. പുലര്‍ച്ചെ തുടങ്ങിയ ചാറല്‍ മഴയാണ് പലഭാഗത്തും നല്ലതോതില്‍ വര്‍ഷിച്ചത്. 
നഗര ഭാഗങ്ങളില്‍ വെള്ളം കെട്ടി നിന്നത് ഗതാഗതത്തെ ചെറിയ തോതില്‍ ബാധിച്ചെങ്കിലും നഗരസഭ വെള്ളം നീക്കം ചെയ്ത് ഇത് പരിഹരിച്ചു. ആകാശം മേഘാവൃതമായി തുടരുന്നതിനാല്‍ മഴതുടര്‍ന്ന് കൊണ്ടിരിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. തണുത്ത കാറ്റും മഴയും നേര്‍ത്ത മഞ്ഞും കൂടി കലര്‍ന്ന ഒരു പ്രത്യേക അന്തരീക്ഷമാണ് യു.എ.ഇയിലാകെ കാണപ്പെടുന്നത്. മഴ കൊണ്ട് നടക്കുന്ന മലയാളികളെ പലഭാഗത്തും കണ്ടു. ശനിയാഴ്ച താപനിലയിലുണ്ടായ നേരിയ വര്‍ധനക്ക് ഞായറാഴ്ച വീണ്ടും കുറവ് വന്നു.
റാസല്‍ഖൈമ: രാജ്യത്ത് തുടരുന്ന അസ്ഥിര കാലാവസ്ഥയില്‍ റാസല്‍ഖൈമയില്‍ തുടങ്ങിയ ചാറ്റല്‍ മഴ പെയ്തൊഴിയാതെ തുടരുന്നു. ശനിയാഴ്ച രാത്രി ശക്തമായ മഴ ഞായറാഴ്ച മുഴു സമയവും നല്ല തോതില്‍ വര്‍ഷിച്ചു. ജസീറ അല്‍ ഹംറ, കറാന്‍, ഓള്‍ഡ് റാസല്‍ഖൈമ, അല്‍ നഖീല്‍, അല്‍ ജീര്‍, ഷാം, ബറൈറാത്ത് തുടങ്ങിയിടങ്ങളിലും പര്‍വത പ്രദേശങ്ങളിലും മഴ ലഭിച്ചു. മഴയത്തെുടര്‍ന്ന് വിവിധയിടങ്ങളില്‍ രൂക്ഷമായ ഗതാഗത കുരുക്കും അനുഭവപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടിനും വിവിധയിടങ്ങളില്‍ വാഹനാപകടങ്ങള്‍ക്കും മഴ വഴിവെച്ചു. 
അപകടങ്ങളുടെ വിശദാംശങ്ങള്‍ അറിവായിട്ടില്ല. വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും തയാറകണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. മല്‍സ്യ ബന്ധന മേഖലക്കും അധികൃതര്‍ പ്രത്യേക സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പര്‍വത നിരകളിലേക്കും കടലോരങ്ങളിലേക്കുമുള്ള വിനോദ യാത്രകള്‍ ഒഴിവാക്കുന്നതാണ് അഭികാമ്യമെന്നും അധികൃതര്‍ വ്യക്തമാക്കി.
 

സ്കൂളുകള്‍ക്ക് മുടക്കമില്ല
ദുബൈ: തിങ്കളാഴ്ച രാജ്യത്തെ സ്കൂളുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി നോളജ് ആന്‍റ് ഹ്യൂമന്‍ ഡെവലപ്മെന്‍റ് അതോറിറ്റി (കെ.എച്ച്.ഡി.എ). രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് ഇന്ന് സ്കൂളുകള്‍ പ്രവര്‍ത്തിക്കുമോ എന്ന സംശയം ഉന്നയിച്ച് രക്ഷിതാക്കള്‍ കൂട്ടം കൂട്ടമായി സമീപിച്ചതോടെയാണ് ട്വിറ്ററിലൂടെ കെ.എച്ച്.ഡി.എ സന്ദേശം പുറത്തിറക്കിയത്. സ്കൂളുകള്‍ പ്രവര്‍ത്തിക്കുമെങ്കിലും മഴയെങ്കില്‍ പ്രഭാത അസംബ്ളി ഒഴിവാക്കുന്നതു സംബന്ധിച്ച് സ്കൂളുകള്‍ക്ക് തീരുമാനിക്കാം. 

Tags:    
News Summary - uae rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.