ബഗ്ദാദ് ഉച്ചകോടിക്കെത്തിയ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയും കൂടിക്കാഴ്ച നടത്തുന്നു
ദുബൈ: അറബ് മേഖലയിൽ സഹകരണം ശക്തിപ്പെടുത്താനും സമാധാനം ഉറപ്പുവരുത്താനും ചേർന്ന ബഗ്ദാദ് ഉച്ചകോടിക്കിടെ യു.എ.ഇ, ഖത്തർ ഭരണാധികാരികൾ കൂടിക്കാഴ്ച നടത്തി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയും തമ്മിൽ നടന്ന സംഭാഷണത്തിൽ ഇരുരാജ്യങ്ങളും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള വഴികൾ ചർച്ച ചെയ്തു.
വികസനം, പുരോഗതി, പൊതുവായി താൽപര്യമുള്ള വിഷയങ്ങൾ എന്നിവയിൽ സഹകരണം ശക്തമാക്കാനാണ് ചർച്ചയിൽ തീരുമാനിച്ചത്. ഇറാഖിന്‍റെ പുനർ നിർമാണവും പുരോഗതിയും മുഖ്യ പരിഗണനയിൽ വരുന്ന ഏകദിന ബഗ്ദാദ് ഉച്ചകോടി പ്രതീക്ഷിച്ച ഫലമുണ്ടാകുമെന്ന പ്രതീക്ഷയും ഇരുവരും പങ്കുവെച്ചു.
ഖത്തർ അമീർ സഹോദരനും സുഹൃത്തുമാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. ഖത്തർ ജനത ഞങ്ങളുടെ ബന്ധുക്കളാണ്, ഗൾഫിന്‍റെ ഭാഗധേയം ഒന്നായിരുന്നു, അതെന്നും ഒന്നായിരിക്കും. ദൈവം നമ്മുടെ ജനതയെ സംരക്ഷിക്കുകയും അവരുടെ സുരക്ഷിതത്വവും സ്ഥിരതയും അഭിവൃദ്ധിയും നിലനിർത്തുകയും ചെയ്യട്ടെ -അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.