ദുബൈ: ഈ വർഷം യു.എ.ഇയിൽ നിന്ന് നാടുകടത്തപ്പെട്ടത് 1469 ഇന്ത്യൻ പ്രവാസികൾ. യു.എ.ഇയിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഏറ്റവും കൂടുതൽ പേരെ നാടുകടത്തിയത് ഈ വർഷമാണ്. 2021 മുതൽ 4000 പേരെയാണ് ഇവിടെ നിന്നും നാടുകടത്തിയത്.
2024ൽ 899 പേരെയും 2023ൽ 666 പേരെയും 2022ൽ 587 പേരെയും 2021ൽ 358 പേരെയും യു.എ.ഇ നാടുകടത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. സിവിൽ, ക്രിമിനൽ കേസുകൾ, വ്യാജ ജോലി വാഗ്ദാനം, പെർമിറ്റില്ലാതെ ജോലി, തൊഴിൽനിയമ ലംഘനം തുടങ്ങിയവയാണ് നാടുകടത്തലിന് പിന്നിലുള്ള പ്രധാന കാരണങ്ങൾ.
2024ൽ പ്രഖ്യാപിച്ച പൊതുമാപ്പിൽ നിരവധി ഇന്ത്യക്കാരെ പിഴയില്ലാതെ സ്വന്തം നാട്ടിലേക്ക് തിരികെ പോകാൻ അനുവദിച്ചിരുന്നു. ഇവർ തിരികെ വരാനുള്ള അനുവാദവും നൽകിയിരുന്നു.
അതേസമയം, ഏറ്റവും കൂടുതൽ പേർ നാടുകടത്തപ്പെട്ടത് സൗദി അറേബ്യയിൽ നിന്നാണ്. ഒരു വർഷത്തിനിടെ സൗദി അറേബ്യ നാടുകടത്തിയത് 10,884 പേരെയാണ്. ഇതിൽ റിയാദിൽ നിന്ന് 7019 പേരും ജിദ്ദയിൽ നിന്ന് 3865 പേരും ഉൾപ്പെടും. ആഗോളതലത്തിൽ 81 രാജ്യങ്ങളിൽ നിന്ന് 24,600 ഇന്ത്യക്കാരെയാണ് നാടുകടത്തിയത്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയം രാജ്യസഭയിലാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കിയെങ്കിലും യു.എസിൽ നിന്ന് ഈ വർഷം തിരികെയെത്തിയത് 3,812 ഇന്ത്യക്കാരാണ്.
വിസ കാലാവധി കഴിഞ്ഞതും വ്യാജ തൊഴിൽ വിസയിൽ തങ്ങിയവരുമാണ് നാടുകടത്തിയവരിൽ ഭൂരിഭാഗവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.