ദുബൈയിലെ മുഷ്രിഫ് നാഷനൽ പാർക്കിൽ നിർമിച്ചിരിക്കുന്ന കുട്ടികളുടെ സൈക്ലിങ് പാത
മുഷ്രിഫ് നാഷനൽ പാർക്കിലാണ് 1.5 കിലോമീറ്റർ നീളത്തിലുള്ള സൈക്ലിങ് പാത
ദുബൈ: സാഹസികത ഇഷ്ടപ്പെടുന്ന കുട്ടികൾക്ക് മാത്രമായി പ്രത്യേക സൈക്ലിങ് പാത തുറന്ന് ദുബൈ മുനിസിപ്പാലിറ്റി. മുഷ്രിഫ് നാഷനൽ പാർക്കിലെ മുഷ്രിഫ് ഹബിലാണ് 12 വയസ്സിന് താഴേ പ്രായമുള്ള സാഹസികരായ കുട്ടികൾക്കായി രൂപകൽപന ചെയ്തിരിക്കുന്ന ‘യങ് റെയ്ഞ്ചേഴ്സ്’ സൈക്ലിങ് പാത നിർമിച്ചിരിക്കുന്നത്. മിഡിൽ ഈസ്റ്റിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതിയെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. 1.5 കിലോമീറ്റർ നീളമുള്ളതാണ് സൈക്ലിങ് പാത.
എമിറേറ്റിൽ ഗാഫ് മരങ്ങളുള്ള ഏറ്റവും വലിയ നഗരവനങ്ങളിൽ ഒന്നാണ് മുഷ്രിഫ് നാഷനൽ പാർക്ക്. ഗാഫ് മരങ്ങളുടെ തണലുകളിൽ സുരക്ഷിതമായി സൈക്ലിങ് നടത്താവുന്ന രീതിയിലാണ് പുതിയ സൈക്ലിങ് ട്രാക്കിന്റെ രൂപകൽപന. ഉയർന്ന ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തി വികസിപ്പിച്ച പാതയിലൂടെയുള്ള യാത്ര മികച്ച അനുഭവം വാഗ്ദാനം ചെയ്യുന്നു. സൂര്യോദയം മുതൽ അസ്തമയം വരെ എല്ലാ ദിവസവും കുട്ടികൾക്ക് ഇവിടെ പരിശീലനം നടത്താം. കൂടാതെ എല്ലാ സന്ദർശകർക്കും പ്രവേശനം സൗജന്യമാണ്. ദുബൈ 2024 അർബൻ മാസ്റ്റർ പ്ലാനിനോട് ചേർന്നുനിൽക്കുന്നതാണ് പുതിയ സംരംഭം. എല്ലാ പാതകളും കുട്ടികളുടെ പ്രായത്തിനനുസരിച്ച് ക്രമീകരിക്കുകയും കൊച്ചുകുട്ടികളുടെ ശാരീരിക കഴിവുകൾ, ഉയരം എന്നിവക്ക് അനുസൃതമായി ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യമായി സൈക്ലിങ് നടത്തുന്നവർക്കും യുവ പര്യവേക്ഷകർക്കും സുരക്ഷയും പിന്തുണയും നൽകുന്നതുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനൊപ്പം സന്തുലിതാവസ്ഥ, ആത്മവിശ്വാസം, നിയന്ത്രണം, സ്വതന്ത്ര ചലനം എന്നിവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് രൂപകൽപന. പാതയിലൂടെ സഞ്ചരിക്കുന്ന കുട്ടികൾക്ക് കഴിവുകൾ വികസിപ്പിക്കാൻ കഴിയുന്ന വ്യത്യസ്ത രീതിയിലുള്ള സവിശേഷതകളും ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്ഥിരതയും കൃത്യമായ നിയന്ത്രണവും നിലനിർത്താൻ സഹായിക്കുന്ന ബാലൻസ് ബീമുകൾ, ഫോക്കസ് നാവിഗേഷനെ പ്രോത്സാഹിപ്പിക്കുന്ന ആർച്ച് ഹൂപ്പുകൾ, തടി റോളുകൾ, വളവുകളിൽ സുരക്ഷിതമായി സഞ്ചരിക്കാൻ കുട്ടികളെ സഹായിക്കുന്ന വശങ്ങളിലേക്ക് ചരിഞ്ഞ വളവുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ദുബൈയിലെ ഏറ്റവും മികച്ച ഔട്ട്ഡോർ സാഹസിക പാർക്ക് എന്ന ഖ്യാതി ശക്തിപ്പെടുത്താൻ യങ് റേഞ്ചേഴ്സ് പാത സഹായകമാവുമെന്ന് മുനിസിപ്പാലിറ്റിയുടെ പബ്ലിക് പാർക്ക്സ് ആൻഡ് റിക്രിയേഷനൽ ഫെസിലിറ്റീസ് ഡിപാർട്ട്മെന്റ് ആക്ടിങ് ഡയറക്ടർ മുഹമ്മദ് അബ്ദുറഹ്മാൻ അഹ്ലി പറഞ്ഞു. കുടുംബങ്ങൾക്ക് ഒത്തുചേരാനുള്ള നഗരത്തിലെ ഏറ്റവും മികച്ച വിനോദകേന്ദ്രങ്ങളിൽ ഒന്ന് കൂടിയാണ് മുഷ്രിഫ് ദേശീയ പാർക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.