ദുബൈ: പ്രഫഷനൽ കോഴ്സുകൾ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങൾക്കായുള്ള അക്രഡിറ്റേഷൻ സേവനങ്ങളിൽ സമഗ്രമായ പരിഷ്കാരം പ്രഖ്യാപിച്ച് യു.എ.ഇ ഉന്നതവിദ്യാഭ്യാസ, ശാസ്ത്രഗവേഷണ മന്ത്രാലയം. സ്ഥാപനങ്ങളുടെ അക്രഡിറ്റേഷനായുള്ള നടപടിക്രമങ്ങൾക്കായി എടുത്തിരുന്ന സമയം ഗണ്യമായി കുറക്കാൻ സഹായിക്കുന്നതാണ് പുതിയ പരിഷ്കാരം.
സർക്കാർ ഉദ്യോഗസ്ഥരുടെ ഇടപെടലുകൾ കുറക്കുന്ന ‘സീറോ ബ്യൂറോക്രസി’ സംരംഭത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. പുതിയ പരിഷ്കാരങ്ങൾ അനുസരിച്ച് ഫലങ്ങൾ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തൽ ചട്ടക്കൂടിന് കീഴിൽ പ്രഫഷനൽ കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നതിനുള്ള അംഗീകാരം പുതുക്കാൻ നാഷനൽ ക്വാളിഫിക്കേഷൻ സെന്റർ പരിശീലന സ്ഥാപനങ്ങളെ അനുവദിക്കും.
നടപടികൾ ലഘൂകരിക്കുക, കാര്യക്ഷമത ഉയർത്തുക, ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുക എന്നിവക്കാണ് പുതിയ പരിഷ്കാരം രൂപകൽപന ചെയ്തിരിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
പ്രഫഷനൽ സ്ഥാപനങ്ങളുടെ അംഗീകാര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ എടുത്തിരുന്ന സമയം പുതിയ പരിഷ്കാരത്തോടെ 60 ദിവസത്തിൽ നിന്ന് വെറും പത്തുദിവസമായി കുറയും. സേവന സമയങ്ങളിൽ 84 ശതമാനം വരെയാണ് കുറവ് സംഭവിക്കുക. നടപടിക്രമങ്ങളുടെ എണ്ണം 76ൽ നിന്ന് നാലായി കുറയും. സന്ദർശനഘട്ടങ്ങൾ 10ൽനിന്ന് ഒന്നായി മാറും.
ഡാറ്റ എൻട്രി ഫീൽഡുകൾ 20ൽ നിന്ന് അഞ്ചായി കുറച്ചിട്ടുമുണ്ട്. ആവശ്യമായ അനുബന്ധ രേഖകളുടെ എണ്ണം 20ൽ നിന്ന് നാലായി കുറക്കുകയും ചെയ്തു.
പുതിയ പരിഷ്കാരങ്ങൾ സർക്കാർ സേവനങ്ങളിൽ അനാവശ്യമായ നടപടിക്രമങ്ങൾ കുറക്കാൻ സഹായിക്കും. സർക്കാർസേവനങ്ങൾ വേഗത്തിലും വ്യക്തതയിലും കൂടുതൽ കാര്യക്ഷമവുമായി ലഭ്യമാക്കുകയാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.