അബൂദബി: പിതൃ ദിനത്തിൽ (ഫാദേഴ്സ് ഡേ) ഹൃദയസ്പർശിയായ സന്ദേശം പങ്കുവെച്ച് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ.
യു.എ.ഇയുടെ രാഷ്ട്രപിതാവും അന്തരിച്ച ഭരണാധികാരിയുമായ പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാനൊപ്പമുള്ള ചിത്രം ‘എക്സി’ൽ പങ്കുവെച്ചാണ് അദ്ദേഹം പിതൃദിന സന്ദേശം കൈമാറിയത്. ‘ജ്ഞാനം, അനുകമ്പ, സമർപ്പണം എന്നിവയിലൂടെ ഒരു രാഷ്ട്രം കെട്ടിപ്പടുത്ത പിതൃത്വത്തിന്‍റെ ഉത്തമ ഉദാഹരണം’ എന്നാണ് ശൈഖ് സായിദിനെ അദ്ദേഹം വിശേഷിപ്പിച്ചത്.
‘ഒരു പിതാവ് തന്‍റെ കുടുംബത്തിൽ സന്തോഷത്തെയും സ്ഥിരതയെയും സ്വാധീനിക്കുന്ന മാതൃകാ വ്യക്തിയും സുപ്രധാന സ്തംഭവുമാണ്. ഈ പിതൃദിനത്തിൽ, ജ്ഞാനം, അനുകമ്പ, സമർപ്പണം എന്നിവയിലൂടെ ഒരു രാഷ്ട്രം കെട്ടിപ്പടുത്ത പിതൃത്വത്തിന്‍റെ ഉത്തമ ഉദാഹരണമായി നമ്മുടെ രാഷ്ട്രപിതാവ് അന്തരിച്ച ശൈഖ് സായിദിനെ നാം അനുസ്മരിക്കുന്നു.
അദ്ദേഹത്തിന്‍റെ കാൽപാടുകൾ പിന്തുടരുകയും, കുടുംബത്തെ സ്നേഹത്തോടെ വളർത്തുകയും, മക്കളിൽ ഉദാത്തമായ മൂല്യങ്ങൾ വളർത്തിയെടുക്കുകയും, പ്രതീക്ഷകളുടെയും അവസരങ്ങളുടെയും വാതിലുകൾ തുറന്നിടുകയും ചെയ്യുന്ന ഓരോ പിതാവിനെയും ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു. അങ്ങനെ നമ്മുടെ കുടുംബങ്ങൾ നമ്മുടെ സമൂഹത്തിന്‍റെയും രാഷ്ട്രത്തിന്‍റെയും കരുത്തിന്‍റെയും പുരോഗതിയുടെയും സ്രോതസ്സായി നിലകൊള്ളട്ടെ’ -‘എക്സി’ലെ പോസ്റ്റിൽ അദ്ദേഹം കുറിച്ചു.
മാതാപിതാക്കൾക്ക് ജോലിസ്ഥലത്തും വീട്ടിലും ഒരുപോലെ മികച്ച രീതിയിൽ മുന്നോട്ടുപോകാൻ സഹായിക്കുന്ന പദ്ധതികൾക്ക് യു.എ.ഇ ഗവണ്മെന്‍റ് ഏറെ പ്രാമുഖ്യം കൽപിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.