വിവാഹമോചിതരായ മാതാപിതാക്കൾ മക്കളുടെ ചെലവ് തുല്യമായി വഹിക്കണം

അബൂദബി: വിവാഹമോചിതരായ ജർമൻ ദമ്പതികളുടെ മക്കളുടെ സംരക്ഷണച്ചെലവ് മാതാപിതാക്കൾ രണ്ടുപേരും തുല്യമായി വഹിക്കണമെന്ന് അബൂദബി സിവിൽ ഫാമിലി കോടതി ഉത്തരവിട്ടു. പിതാവിന്‍റെ പ്രത്യേക അഭ്യർഥനയും സമർപ്പിച്ച രേഖകളും പരിഗണിച്ച്, ജർമൻ നിയമത്തിലെ (ജർമൻ സിവിൽ കോഡ്​​) വകുപ്പുകൾ പ്രകാരമാണ് അബൂദബി കോടതി അപൂർവ വിധി പ്രസ്താവിച്ചത്. മക്കളുടെ പ്രതിമാസ ചെലവ്, സ്കൂൾ ഫീസ്, ഹെൽത്ത് ഇൻഷുറൻസ്, ചികിത്സ, യാത്രാച്ചെലവുകൾ എന്നിവ രണ്ടുപേരും 50 ശതമാനം വീതം പങ്കിടാനാണ് ഉത്തരവ്.

അഞ്ചും പന്ത്രണ്ടും വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് ദമ്പതികൾക്കുള്ളത്. വിദേശികൾക്ക് തങ്ങളുടെ സ്വന്തം രാജ്യത്തെ കുടുംബനിയമങ്ങൾ തിരഞ്ഞെടുക്കാൻ യു.എ.ഇ വ്യക്തിനിയമം (Federal Law No. 41 of 2022) അനുവദിക്കുന്നുണ്ട്. കുട്ടികളുടെ പ്രായം അടിസ്ഥാനമാക്കിയുള്ള ജർമൻ പെയ്‌മെന്‍റ്​ സ്ലാബുകൾ പരിശോധിച്ച കോടതി, മൂത്ത മകൾക്ക് 5,000 ദിർഹമും ഇളയ മകൾക്ക് 4,000 ദിർഹമും പ്രതിമാസ ജീവനാംശമായി നിശ്ചയിക്കുകയും ഇതിന്‍റെ പകുതി തുക വീതം പിതാവും മാതാവും നൽകണമെന്ന് ഉത്തരവിടുകയുമായിരുന്നു.

ദമ്പതികൾ ഇരുവരും ദുബൈയിലാണ് താമസമെന്നും അതിനാൽ കേസ് പരിഗണിക്കാൻ അബൂദബി കോടതിക്ക് അധികാരമില്ലെന്നുമുള്ള മാതാവിന്‍റെ വാദം കോടതി തള്ളി. പിതാവിന് അബൂദബിയിൽ സാധുതയുള്ള റെസിഡൻസ് പെർമിറ്റ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് ഫയലിൽ സ്വീകരിച്ചത്. കുട്ടികളുടെ സംരക്ഷണം രണ്ടുപേർക്കും ഒരുപോലെയാണെന്നതും മക്കൾക്ക് സ്വന്തമായി വരുമാനമില്ലെന്നതും കണക്കിലെടുത്താണ് സാമ്പത്തിക ബാധ്യത രണ്ടുപേർക്കുമായി വീതിച്ചു നൽകിയത്.

യു.എ.ഇ പ്രാദേശിക കോടതികൾ വിദേശ രാജ്യങ്ങളിലെ നിയമങ്ങൾ അതേപടി കൃത്യമായി വിശകലനം ചെയ്ത് നടപ്പാക്കുന്നതിന്‍റെ വലിയ ഉദാഹരണമാണ് ഈ വിധിയെന്ന് അഭിഭാഷകൻ ബ്യോൺ ജെയിംസ്​ ചൂണ്ടിക്കാട്ടി. വിദേശ നിയമങ്ങൾ യു.എ.ഇയിൽ സ്വയം നടപ്പിലാകില്ല. അപേക്ഷ നൽകി ബന്ധപ്പെട്ട സർട്ടിഫൈഡ് നിയമരേഖകൾ സമർപ്പിക്കുമ്പോൾ മാത്രമേ കോടതികൾ അത് പരിഗണിക്കുകയുള്ളൂ. 

Tags:    
News Summary - വിവാഹമോചിതരായ മാതാപിതാക്കൾ മക്കളുടെ ചെലവ് തുല്യമായി വഹിക്കണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.