അബൂദബിയിലെ ഖസ്ർ അൽ ഹുസ്നിൽ നടന്ന ചടങ്ങിൽ ബഹിരാകാശ യാത്രികൻ സുൽത്താൻ
അൽ നിയാദിയിൽ നിന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ
ദേശീയ പതാക ഏറ്റുവാങ്ങുന്നു
ദുബൈ: രാജ്യത്തിന്റെ ഐക്യവും ഒരുമയും പ്രകാശിപ്പിക്കുന്ന ചടങ്ങുകളോടെ യു.എ.ഇയിൽ ഒന്നടങ്കം പതാക ദിനാചരണം നടത്തി. വെള്ളിയാഴ്ച രാവിലെ 10ഓടെയാണ് രാജ്യത്തെ എല്ലാ സുപ്രധാന കേന്ദ്രങ്ങളിലും പതാക ഉയർത്തൽ ചടങ്ങുകൾ നടന്നത്. ഓഫിസുകളിലും സ്കൂളുകളിലും വീടുകളിലുമടക്കം പതാക ദിനാചരണങ്ങൾ വർണാഭമായ രീതിയിൽ അരങ്ങേറി. അബൂദബിയിലെ ഖസ്ർ അൽ ഹുസ്നിൽ നടന്ന ചടങ്ങിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പതാക ഉയർത്തി.
ദീർഘകാല ബഹിരാകാശ ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തിയ സുൽത്താൻ അൽ നിയാദിക്കൊപ്പം നിന്നാണ് പ്രസിഡന്റ് പതാക ഉയർത്തിയത്. രാജ്യത്തിന്റെ അഭിമാനത്തെയും വിശ്വസ്തതയെയും പ്രതിനിധാനം ചെയ്യുന്ന പതാകയുമായി ഞങ്ങൾ ഒരുമിച്ചുനിൽക്കുന്നു എന്ന് പിന്നീട് ശൈഖ് മുഹമ്മദ് എക്സിൽ കുറിച്ചു.
ദുബൈ അൽ ഷിന്ദഗയിൽ നടന്ന പതാക ദിനാചരണ ചടങ്ങ്
രാജ്യത്തിന്റെ അടുത്ത തലമുറ എല്ലാവർക്കും തിളക്കമാർന്ന ഭാവിയെ സൃഷ്ടിക്കുമെന്ന് തനിക്ക് പൂർണമായും ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സമൂഹ മാധ്യമങ്ങളിൽ പതാകദിന സന്ദേശം കുറിക്കുകയും രാജ്യത്തിന്റെ നേട്ടങ്ങളെ വ്യക്തമാക്കുന്ന വിഡിയോ പങ്കുവെക്കുകയും ചെയ്തു.
അബൂദബി കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ ക്രൗൺപിനസ് കോർട്ടിലും ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും ദുബൈ ഫസ്റ്റ് ഉപഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ആൽ മക്തൂം ദുബൈയിലെ അൽ ഷിന്ദഗയിലും പതാക ഉയർത്തി.
ഷാർജയിൽ നടന്ന പതാകദിനാചരണ ചടങ്ങിൽ ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, ഷാർജ ഉപഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി എന്നിവർ
ദേശീയ പതാക എല്ലാകാലത്തും അഭിമാന ചിഹ്നമാണെന്ന് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളിലും സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും പതാക ഉയർത്തൽ ചടങ്ങ് നടന്നു. വകുപ്പ് മേധാവികളും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങുകളിൽ സന്നിഹിതരായിരുന്നു. രാജ്യത്തെ എല്ലാ എമിറേറ്റുകളിലും ഭരണാധികാരികൾ അടക്കം പങ്കെടുത്ത ചടങ്ങുകൾ അരങ്ങേറി.
റാസൽഖൈമയിലെ അൽ ഖവാസിം കോർണിഷിൽ നടന്ന പതാക ദിനാചരണ ചടങ്ങിൽ വിജയ ചിഹ്നം കാണിക്കുന്ന കുട്ടി
2013ലാണ് ആദ്യമായി യു.എ.ഇയുടെ പതാകദിനം നവംബർ മൂന്നിന് ആചരിച്ചത്. രാജ്യത്തിന്റെ പ്രസിഡന്റായി ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ അധികാരമേറ്റ ദിവസത്തെ അടയാളപ്പെടുത്തിയാണ് എല്ലാ വർഷവും നവംബർ മൂന്നിന് പതാകദിനം ആചരിച്ചുവരുന്നത്.
ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പതാകദിനം എന്ന ആശയം മുന്നോട്ടുവെച്ചത്. 1971ൽ 19 വയസ്സുകാരനായ അബ്ദുല്ല അൽ മൈനയാണ് ദേശീയ പതാക രൂപകൽപന ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.