അബൂദബി: 54ാമത് ദേശീയദിന ആഘോഷങ്ങൾക്ക് മുന്നോടിയായി വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ തടവുകാർക്ക് മോചനം പ്രഖ്യാപിച്ചു. ആകെ 6566 തടവുകാർക്കാണ് മോചനം ലഭിക്കുക. ഏറ്റവും കൂടുതൽ തടവുകാർ മോചിതരാവുക അബൂദബിയിലാണ്.
2937 തടവുകാർക്കാണ് പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ മോചനം നൽകിയത്. ജയിൽശിക്ഷയുടെ ഭാഗമായി തടവുകാർക്ക് ചുമത്തിയ പിഴത്തുകയും പ്രസിഡന്റ് ഒഴിവാക്കിയിട്ടുണ്ട്. മാനുഷികമായ നടപടികളുടെ ഭാഗമായാണ് നടപടി. റമദാൻ, ഈദുൽ ഫിത്ർ തുടങ്ങിയ ആഘോഷ വേളകളിലും കഴിഞ്ഞ വർഷങ്ങളിലും ഇദ്ദേഹം ആയിരത്തിലധികം തടവുകാർക്ക് മോചനം നൽകിയിരുന്നു. ദുബൈയിൽ 2025 തടവുകാർക്കാണ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മോചനം പ്രഖ്യാപിച്ചത്. പുതിയ ജീവിതം തുടങ്ങാനും സമൂഹത്തിനൊപ്പം ചേരാനുമുള്ള അവസരം നൽകുന്നതിലൂടെ തടവുകാരുടെ കുടുംബത്തിന് സന്തോഷം പകരുകയാണ് ലക്ഷ്യമെന്ന് ദുബൈ അറ്റോർണി ജനറൽ ഇസാം അൽ ഹുമൈദാൻ പറഞ്ഞു.
അതേസമയം, ഷാർജയിൽ 366 പേർക്കാണ് ഇത്തവണ ഭരണാധികാരി മോചനം പ്രഖ്യാപിച്ചത്. അജ്മാനിൽ 225 പേർക്കും മോചനം ലഭിക്കും. ഫുജൈറയിൽ 129 പേർക്കും റാസൽഖൈമയിൽ 854 തടവുപുള്ളികൾക്കും ജയിൽമോചനം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.