ദുബൈ: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഒരു കോടി കണ്ടൽചെടികൾ വെച്ചുപിടിപ്പിക്കാനൊരുങ്ങി യു.എ.ഇ. കണ്ടൽക്കാട് ആവാസവ്യവസ്ഥകളുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ദിനത്തിലാണ് പുതിയ പ്രഖ്യാപനം.
കാലാവസ്ഥ വ്യതിയാനത്തിനെതിരെ തീരദേശ ആവാസവ്യവസ്ഥയുടെ പ്രതിരോധശേഷി വർധിപ്പിക്കുക, കാർബൺഡയോക്സൈഡിന്റെ ആകിരണം വർധിപ്പിക്കുക, സമുദ്രജീവികൾക്ക് അനുകൂലമായ ആവാസ വ്യവസ്ഥ സൃഷ്ടിച്ചുകൊണ്ട് ജൈവവൈവിധ്യത്തെ പിന്തുണക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. 2030ഓടെ പദ്ധതി പൂർത്തീകരിക്കും. ഈ വർഷം ആദ്യ പകുതിയോടെ ഈ പദ്ധതിയിലൂടെ മൂന്നുകോടി കണ്ടൽചെടികൾ വിവിധയിടങ്ങളിലായി വെച്ചുപിടിപ്പിച്ചിരുന്നു. ഡ്രോൺ സഹായത്തോടെയുള്ള ടിഷ്യൂകൾച്ചർ പരാഗണ സാങ്കേതിക വിദ്യകൾ പോലുള്ള നൂതനമായ രീതികളാണ് ഇതിനായി ഉപയോഗപ്പെടുത്തിയിരുന്നത്. തീരദേശ ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തിന് യു.എ.ഇ മികച്ച പദ്ധതികൾ നടത്തിവരുന്നുണ്ട്. കാലാവസ്ഥ വ്യതിയാനം തടയുന്നതിൽ പ്രകൃതിദത്തമായ പ്രതിരോധമെന്ന നിലയിൽ കണ്ടൽക്കാടുകൾക്ക് നിർണായക പങ്കുണ്ടെന്ന തിരിച്ചറിവിൽനിന്നു കൊണ്ട് ജൈവവൈവിധ്യം ശക്തിപ്പെടുത്തുന്നതിനും തീരദേശങ്ങളിൽ പച്ചപ്പുകൾ വിപുലീകരിക്കുന്നതിനുമായി നിരവധി സംരംഭങ്ങളും ഗവേഷണ പ്രോഗ്രാമുകളുമാണ് ആസൂത്രണം ചെയ്തുവരുന്നത്. ദീർഘവീക്ഷണമുള്ള പരിസ്ഥിതി നയവും ശക്തമായ നേതൃത്വത്തിന്റെ പിന്തുണയോടെയുമാണ് വിപുലമായ പദ്ധതികൾ
നടപ്പിലാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.