ശൈഖ്​ അബ്​ദുല്ല ബിൻ സായിദ്​ ‘ബോർഡ്​ ഓഫ്​ പീസ്​’ യോഗത്തിൽ സംസാരിക്കുന്നു

ഗസ്സക്ക്​ 120കോടി ഡോളർ സഹായം പ്രഖ്യാപിച്ച്​ യു.എ.ഇ

ദുബൈ: ഗസ്സയുടെ പുനർനിർമാണത്തിന്​ സഹായമായി 120 കോടി ഡോളർ സഹായം പ്രഖ്യാപിച്ച്​ യു.എ.ഇ. യു.എസ്​ പ്രസിഡന്റ് ഡോണൾഡ്​ ട്രംപിന്‍റെ അധ്യക്ഷതയിൽ അമേരിക്കയിൽ ചേർന്ന ‘ബോർഡ്​ ​ഓഫ്​ പീസി’ന്‍റെ ആദ്യ യോഗത്തിൽ യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്​ അബ്​ദുല്ല ബിൻ സായിദ്​ ആൽ നഹ്​യാനാണ്​ പ്രഖ്യാപനം നടത്തിയത്​. യോഗത്തിൽ വിവിധ രാജ്യങ്ങളിലെ രാഷ്ട്രത്തലവൻമാരും മുതിർന്ന ഉദ്യോഗസ്ഥരും അന്താരാഷ്ട്ര തലത്തിലെ മറ്റുപ്രമുഖരും പങ്കെടുത്തു.

പ്രാദേശിക സമാധാന പ്രക്രിയ സജീവമാക്കുക, ഗസ്സയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക, മേഖലയിൽ ദീർഘകാല സ്ഥിരത ഉറപ്പാക്കുന്ന സമീപനങ്ങൾ വികസിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു യോഗം സംഘടിപ്പിച്ചത്. റമദാനിന്റെ ആരംഭം സമാധാനം, സഹവർത്തിത്വം, പരസ്പര പുരോഗതി എന്നിവക്കുള്ള വഴി തുറക്കുന്നതാകട്ടെയെന്ന് ശൈഖ്​ അബ്​ദുല്ല യോഗത്തിൽ പറഞ്ഞു.

ഒക്ടോബർ 7ന് ശേഷമുള്ള യുദ്ധ സാഹചര്യത്തിൽ ഗസ്സയിലെ ജനങ്ങൾക്ക് യു.എ.ഇ ഇതിനകം ഏകദേശം 300കോടി ഡോളറിന്‍റെ സഹായം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയതായി പ്രഖ്യാപിച്ച 120കോടി ഡോളർ സഹായം ‘ബോർഡ്​ ഓഫ്​ പീസ്​’ വഴി പുനർനിർമ്മാണവും മനുഷ്യാവകാശ സഹായ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുന്നതിന് വിനിയോഗിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമിയും യു.എസിലെ യു.എ.ഇ അംബാസഡർ യൂസഫ് അൽ ഉതൈബയും പങ്കെടുത്തു.

Tags:    
News Summary - UAE announces $1.2 billion aid to Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.