യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നെഹ്യാനും ഇസ്രായേൽ വിദേശകാര്യ മന്ത്രി യായിർ ലാപിഡും കൂടിക്കാഴ്ച നടത്തുന്നു
ദുബൈ: നയതന്ത്ര സഹകരണം കൂടുതൽ ശക്തമാക്കാൻ യു.എ.ഇ-ഇസ്രായേൽ ധാരണ. ദ്വിദിന സന്ദർശനത്തിനെത്തിയ ഇസ്രായേൽ വിദേശകാര്യ മന്ത്രി യായിർ ലാപിഡും യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നെഹ്യാനും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം.
മേഖലയിലെ സമാധാനം, ക്വാറൻറീൻ ഒഴിവാക്കിയുള്ള യാത്ര എന്നിവ പ്രധാന ചർച്ചയായി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അബ്രഹാം കരാറിൽ ഒപ്പുവെച്ചശേഷം ഇരുരാജ്യങ്ങൾക്കുമിടയിൽ ഉണ്ടായ നയതന്ത്രവികാസം മന്ത്രിതലസംഘം പങ്കുവെച്ചു. മേഖലയുടെയും ഇരുരാജ്യങ്ങളുടെയും പ്രയോജനത്തിന് ബന്ധം ഗാഢമാക്കണമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
സാമ്പത്തിക വികസനം, ചരക്കുസേവനങ്ങളുടെ സ്വതന്ത്രമായ ഒഴുക്ക്, എക്സിബിഷൻ മേഖലകളിലെ സഹകരണം, വിവര-ഗവേഷണം പങ്കുവെക്കൽ, പ്രതിനിധിസംഘങ്ങളുടെ സന്ദർശനം, ചേംബർ ഓഫ് േകാമേഴ്സ് സഹകരണം, കാർഷിക സാങ്കേതികവിദ്യയുടെ ഗവേഷണവും വികസനവും തുടങ്ങിയ വിഷയങ്ങളിൽ വിവിധ കരാറുകളും ഒപ്പുവെച്ചു. കരാർ നടപ്പാക്കാൻ സാമ്പത്തിക വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ സംയുക്ത കമ്മിറ്റിക്ക് രൂപം നൽകാനും തീരുമാനിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാരക്കരാറിൽ ഒപ്പുവെക്കാൻ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിൽ സഹകരണത്തിനും ഇരുരാജ്യങ്ങൾക്കുമിടയിൽ വാക്സിൻ സ്വീകരിച്ചവരുടെ യാത്രക്ക് അനുമതി നൽകാനും തീരുമാനിച്ചു.
ആദ്യമായാണ് ഒരു ഇസ്രായേൽ മന്ത്രിതലസംഘം യു.എ.ഇ സന്ദർശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം അബ്രഹാം കരാറിന് ശേഷം സാധാരണനിലയിലായതോടെയാണ് സന്ദർശനത്തിന് സാഹചര്യമൊരുങ്ങിയത്. ചൊവ്വാഴ്ച അബൂദബിയിലെത്തിയ യായിർ ലാപിഡ് ഇസ്രായേൽ എംബസി ഓഫിസ് ഉദ്ഘാടനം ചെയ്തു. ബുധനാഴ്ച എക്സ്പോ 2020യിലെ രാജ്യത്തിെൻറ പവലിയൻ സന്ദർശിക്കുകയും ദുബൈയിലെ കോൺസുലേറ്റ് ഉദ്ഘാടനവും നിർവഹിച്ചു. യു.എ.ഇയിലെ ആദ്യ ഇസ്രായേൽ കോൺസുലേറ്റാണിത്. ഇരുരാജ്യങ്ങൾക്കുമിടയിലെ സഹകരണത്തിെൻറ കേന്ദ്രമായി കോൺസുലേറ്റ് മാറുമെന്ന് യായിർ ലാപിഡ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.