അബൂദബി കേരള സോഷ്യൽ സെന്ററിൽ നടന്ന മേയ് ദിനാഘോഷം മുൻ കേരള മന്ത്രി എ.കെ ബാലൻ ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉൾപ്പെടെ ലോകത്ത് ഏറ്റവും മികച്ച തൊഴിൽ സുരക്ഷയുള്ള രാജ്യമാണ് യു.എ.ഇയെന്ന് മുൻ കേരള സാംസ്കാരിക മന്ത്രി എ.കെ. ബാലൻ.
കേരള സോഷ്യൽ സെന്ററിന്റെയും ശക്തി തിയറ്റേഴ്സ് അബൂദബിയുടെയും യുവകലാസാഹിതിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മേയ് ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരോഗമനമെന്ന് നാം പറയുന്ന രാജ്യങ്ങളിലുള്ളതിനേക്കാളും ഒരു സുരക്ഷിതത്വബോധം പ്രവാസികൾക്ക് ഇവിടെ ലഭ്യമാകുന്നുണ്ട്. യു.എ.ഇ ഭരണാധികാരികൾ പ്രവാസികളോട് കാണിക്കുന്ന നല്ല സമീപനങ്ങളുടെ ഭാഗമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ലോക കേരള സഭാംഗം അഡ്വ. അൻസാരി സൈനുദ്ദീൻ, ശക്തി തിയറ്റേഴ്സ് അബൂദബി പ്രസിഡന്റ് കെ.വി. ബഷീർ, യുവകലാസാഹിതി പ്രസിഡന്റ് രാഗേഷ് നമ്പ്യാർ, മാധ്യമ പ്രവർത്തകൻ സഫറുല്ല പാലപ്പെട്ടി, കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി നൗഷാദ് യൂസുഫ് എന്നിവർ സംസാരിച്ചു.
ഓണാഘോഷത്തിന്റെ ഭാഗമായി ഓണപ്പാട്ട്, ഓണാനുഭവക്കുറിപ്പ് എന്നീ വിഭാഗങ്ങളിലായി ദേശാഭിമാനി നടത്തിയ മത്സര വിജയിയായ ഹുസ്ന റാഫിക്കുള്ള സമ്മാനവിതരണവും, ഉപരിപഠനത്തിനായി നാട്ടിലേക്ക് പോകുന്ന ബാലവേദി കൂട്ടുകാർക്ക് യാത്രയയപ്പും വേദിയിൽ നടന്നു. തുടർന്ന് കേരള സോഷ്യൽ സെന്റർ ഗായകരും ബാലവേദി കൂട്ടുകാരും അവതരിപ്പിച്ച സംഘഗാനങ്ങും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.