​‘ദ നാഷണൽ’ പ്രസിദ്ധീകരിച്ച റൂട്ട്​ മാപ്പ്​

ഹുർമുസ് തടസം​ മറികടക്കാൻ പുതിയ വാണിജ്യ ഇടനാഴി

ദുബൈ: മേഖലയിലെ സംഘർഷാന്തരീക്ഷത്തിൽ ഹുർമുസ്​ കടലിടുക്കിലെ തടസം മറികടക്കാൻ പുതിയ ചരക്കുഗതാഗത ഇടനാഴി രൂപപ്പെടുത്താൻ യു.എ.ഇയും സൗദി അറേബ്യയും. ഇരു രാജ്യങ്ങൾക്കിടയിൽ ചരക്ക് ഗതാഗതം വേഗത്തിലാക്കുന്നതിനാണ്​ പുതിയ വ്യാപാര ഇടനാഴി വികസിപ്പിക്കുന്നത്​.

സൗദി പോർട്സ് അതോറിറ്റിയായ ‘മവാനി’യും ഷാർജ ആസ്ഥാനമായ ഗൾഫ്‌ടൈനറും ചേർന്നാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നതെന്ന്​ ‘ദ നാഷണൽ’ റിപ്പോർട്ട്​ ചെയ്തു. ഷാർജയിലെ ഖോർഫക്കാൻ തുറമുഖം വഴി കടൽ-റോഡ് ഗതാഗതം സംയോജിപ്പിച്ച് സൗദിയിലെ ദമ്മാമുമായി ബന്ധിപ്പിക്കുന്നതാണ് ഈ പുതിയ പാത. ഇതിലൂടെ ചരക്ക് ഗതാഗതം വർധിപ്പിക്കുകയും ട്രാൻസിറ്റ് സമയം കുറയുകയും ചെയ്യുമെന്ന് ‘മവാനി’ അറിയിച്ചു. ഖോർഫക്കാൻ കൊമേഴ്ഷ്യൽ ടെർമിനലും ഷാർജയിലെ സജാ ഡ്രൈ പോർട്ട് പോലുള്ള ഉൾനാടൻ ലോജിസ്റ്റിക് കേന്ദ്രങ്ങളും ഇടനാഴിയുമായി ബന്ധിപ്പിക്കും.

ദമ്മാമിനും ഷാർജക്കുമിടയിൽ ഏത് തരത്തിലുള്ള ചരക്കുകളാണ്​ കൊണ്ടുപോവുകയെന്നതോ വാർഷിക ചരക്ക് എത്രയെന്നതോ ഇതുവരെ വ്യക്തമല്ല. എന്നാൽ ഹുർമുസ് കടലിടുക്ക് വഴി കപ്പൽഗതാഗതം തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ഈ പുതിയ ഇടനാഴി വലിയ പ്രാധാന്യമർഹിക്കുന്നതാണ്​. ഹുർമുസ് കടലിടുക്ക് ഗൾഫ് രാജ്യങ്ങൾക്ക്​ അത്യന്തം നിർണായകമാണ്.

മേഖലയിലെ രാജ്യങ്ങളുടെ എണ്ണയും ചരക്കുകളും ഇതുവഴിയാണ് പ്രധാനമായും കടന്നുപോകുന്നത്. പുതിയ ഗതാഗത ഇടനാഴി സപ്ലൈ ചെയിൻ സ്ഥിരതയും വിപണി പ്രവേശനവും വർധിപ്പിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. നിലവിലുള്ള റൂട്ടുകളെ അപേക്ഷിച്ച് കൂടുതൽ വേഗത്തിലും കൃത്യസമയത്തും ചരക്കുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ പുതിയ സംവിധാനം വഴി സാധിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Tags:    
News Summary - New trade corridor to bypass Strait of Hormuz obstructions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.