അബൂദബി: ലോക വ്യാപാര സംഘടനയുടെ വിവിധ സുപ്രധാന സംരംഭങ്ങളെ പിന്തുണക്കുന്നതിന് ഒരുകോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് യു.എ.ഇ. ലോകവ്യാപാര സംഘടനയുടെ മന്ത്രിതല സമ്മേളനം അബൂദബിയിൽ തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് പ്രഖ്യാപനം. യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനാണ് സമ്മേളന പ്രതിനിധികളെ സ്വാഗതം ചെയ്തുകൊണ്ട് ഗ്രാന്റ് പ്രഖ്യാപിച്ചത്.ആഗോള തലത്തിൽ വ്യാപാര രംഗം നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിന് യോജിച്ച വേദിയാണ് മന്ത്രിതല സമ്മേളനമെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞു. യു.എ.ഇ നൽകുന്ന ഗ്രാൻറ് ഫിഷറീസ് ഫണ്ടിങ് മെക്കാനിസം, മികവുറ്റ സംയോജിത ഫ്രെയിംവർക്ക്, ഡിജിറ്റൽ സമ്പദ്ഘടനയിലെ വനിതാ കയറ്റുമതിക്കാർക്കുള്ള ഫണ്ട് എന്നിവക്കായി ചെലവഴിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘടനയുടെ പരമോന്നത തീരുമാനമെടുക്കുന്ന സ്ഥാപനമായ മന്ത്രിതല സമ്മേളനത്തിന് യു.എ.ഇ ആതിഥേയത്വം വഹിക്കുന്നതിൽ അഭിമാനമുണ്ടെന്നും പറഞ്ഞു. സംഘടനയുടെ 166 അംഗരാജ്യങ്ങളിലെ 7,000 മുതിർന്ന ഉദ്യോഗസ്ഥരെയും പ്രതിനിധികളെയുമാണ് അബൂദബിയിൽ നടക്കുന്ന പരിപാടിയിൽ പ്രതീക്ഷിക്കുന്നത്. സുപ്രധാന വ്യാപാര പ്രശ്നങ്ങളെക്കുറിച്ചുള്ള നിർണായക ചർച്ചകളും ആഗോള വ്യാപാര വ്യവസ്ഥയുടെ നിയമങ്ങൾ എങ്ങനെ മെച്ചപ്പെടുത്താമെന്നും നവീകരിക്കാമെന്നുമുള്ള ചർച്ചകളും യോഗത്തിൽ നടക്കും.സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകളിലൂടെ യു.എ.ഇ ഇപ്പോൾ അന്താരാഷ്ട്ര വ്യാപാരത്തിന്റെ ഹൃദയഭാഗമായി മാറിയെന്നും ലോകരാജ്യങ്ങളുമായുള്ള സാമ്പത്തിക സഹകരണം വിപുലീകരിക്കുന്നത് തുടരുമെന്നും ശൈഖ് അബ്ദുല്ല കൂട്ടിച്ചേർത്തു. ലോകവ്യാപാര സംഘടനയിലെ എല്ലാ അംഗരാജ്യങ്ങളുടെയും പ്രതിനിധികൾ സഹകരണ മനോഭാവം പ്രകടിപ്പിക്കണമെന്നും, എല്ലാവരുടെയും പ്രയോജനത്തിനായി ക്രിയാത്മകവും അർഥവത്തായതുമായ ചർച്ചകളിൽ ഏർപ്പെടണമെന്നും അദ്ദേഹം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.