ദുബൈ: വിവിധ ലോക രാജ്യങ്ങളിലെ പൊലീസ് സേനകൾ കരുത്തു പ്രകടിപ്പിക്കുന്ന സ്വാത് ചലഞ്ച് ആസ്വദിക്കാനെത്തുന്നവരുടെ എണ്ണം വർധിക്കുന്നു. ദുബൈ അൽ റുവയ്യയിലെ ട്രെയ്നിങ് സിറ്റിയിൽ ഫെബ്രുവരി ഏഴു മുതൽ 11 വരെ നടന്ന സ്വാത് ചലഞ്ച് കാണാനായി സൗജന്യ ടിക്കറ്റുകൾ ബുക്ക് ചെയ്തത് കാൽ ലക്ഷം പേർ. വെർജിൻ മെഗാസ്റ്റോർ ടിക്കറ്റിങ് പ്ലാറ്റ്ഫോം വഴി ജനുവരി 11 മുതൽ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ കണക്കുകളാണ് അധികൃതർ പുറത്തുവിട്ടത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം സന്ദർശകരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത് വലിയ വർധനവാണ്. 2025ൽ നടന്ന സ്വാത് ചലഞ്ചിൽ വെബ്സൈറ്റ് വഴി ടിക്കറ്റ് എടുത്തവരുടെ എണ്ണം 18,000 ആയിരുന്നു.
2024ൽ 12,999 പേരാണ് ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നത്. സ്വാത് ചലഞ്ചിന്റെ ജനസമ്മിതി വർധിക്കുന്നുവെന്നതിന്റെ തെളിവാണ് ടിക്കറ്റ് എടുക്കുന്നവരിലെ വർധനവെന്ന് സംഘാടകർ വ്യക്തമാക്കി. പ്രമുഖ രാജ്യങ്ങളിലെ വിഗദ്ധരായ പൊലീസ് യൂനിറ്റുകൾ, ധ്രുതകർമ സേനകൾ, ടാക്ടിക്കൽ ഫോഴ്സുകൾ എന്നിവയാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ലോക പ്രശസ്തരായ പൊലീസ് സേനകളുടെ പ്രവർത്തന രീതികളും വൈദഗ്ധ്യവും നേരിൽ കാണാനും ആസ്വദിക്കാനുമുള്ള സുവർണാവസരമാണ് സ്വാത് ചലഞ്ച്. ഇതോടൊപ്പം എല്ലാ പ്രായത്തിലുള്ളവർക്കുമായി വിത്യസ്തമായ കമ്യൂണിറ്റി ആക്ടിവിറ്റികളും സംഘടിപ്പിക്കാറുണ്ട്. വിവിധ രാജ്യങ്ങളിലെ പൊലീസ് സേനകളുടെ വൈഗദ്ധ്യങ്ങൾ കൈമാറുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും അത് പ്രകടിപ്പിക്കാനുള്ള വേദിയൊരുക്കുകയുമാണ് സ്വാത് ചലഞ്ച് ലക്ഷ്യമിടുന്നത്. അഞ്ച് ചലഞ്ചുകളിലായി 5,000 പ്രകടനങ്ങളാണ് നടന്നത്. വിജയികൾക്ക് വൻ തുകയാണ് എല്ലാ ദിവസവും സമ്മാനമായി ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.