ഡോ. ഫാത്തിമ അൽ കാബിയും ഡോ. അലക്സ് അലിറും ധാരണ പത്രത്തിൽ ഒ
പ്പുവെക്കുന്ന ചടങ്ങ്
ദുബൈ: ഔഷധ നിർമാണത്തിന് മുമ്പുള്ള ഗവേഷണ പ്രവർത്തനങ്ങളിലെ ഭാരിച്ച ചെലവ് കുറയ്ക്കുന്നതിനായി യു.എ.ഇ ‘ഇൻസിലിക്കോ മെഡിസിൻ’ എന്ന പേരിൽ നിർമിതബുദ്ധി പിന്തുണയോടെ പ്രവർത്തിക്കുന്ന നൂതന പദ്ധതിക്ക് തുടക്കമിട്ടു. ദുബൈയിൽ വ്യാഴാഴ്ച അവസാനിച്ച വേൾഡ് ഹെൽത്ത് എക്സ്പോ (ഡബ്ല്യൂ.എച്ച്.എക്സ് 2026)യിൽ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് (ഇ.ഡി.ഇ) ആണ് പദ്ധതി അവതരിപ്പിച്ചത്. രാജ്യത്തിന്റെ ഔഷധ നിർമാണ യാത്രയിൽ സുപ്രധാനമായ നാഴികക്കല്ലായി അടയാളപ്പെടുത്തുന്നതായിരിക്കും പുതിയ പദ്ധതി. അനുബന്ധ ചെലവുകൾ കുറക്കുകയും ഉത്പാദനത്തിന് മുമ്പുള്ള സംയുക്ത മൂല്യനിർണയത്തിന്റെ കൃത്യത വർധിപ്പിക്കുകയും ചെയ്ത് ഔഷധ ഗവേഷണവും വികസനവും ത്വരിതപ്പെടുത്തുന്നതിനുള്ള നൂതന ഡിജിറ്റൽ മാതൃകകൾ പ്രയോജനപ്പെടുത്തുകയാണ് ഇൻസിലിക്കോ മെഡിസിൻ എന്ന പദ്ധതിയിലൂടെ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് ലക്ഷ്യമിടുന്നത്.
ഈ രംഗത്തെ സഹകരണം ശക്തിപ്പെടുത്തുന്നതിനും നൂതനമായ മെഡിക്കൽ ഉത്പന്നങ്ങളുടെ വികസനത്തിൽ നിർമിത ബുദ്ധി സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ദേശീയ നിപുണതയെ പിന്തുണക്കുന്നതിനുമായി ഇൻസിലിക്കോ മെഡിസിൻ എ.ഐ ലിമിറ്റഡുമായി എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് ധാരണപത്രത്തിൽ ഒപ്പുവെക്കുകയും ചെയ്തു. ഇ.ഡി.ഇ ഡയറക്ടർ ജനറൽ ഡോ. ഫാത്തിമ അൽ കാബിയും ഇൻസിലിക്കോ മെഡിസിൻ എ.ഐ ലിമിറ്റഡ് പ്രസിഡന്റ് ഡോ. അലക്സ് അലിപറുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. സുസ്ഥിരവും കരുത്തുറ്റതുമായ ആരോഗ്യ സുരക്ഷ ആവാസ വ്യവസ്ഥ വികസിപ്പിക്കുന്നതിലും സുരക്ഷിതമായ ഔഷധനിർമാണത്തെ ശക്തിപ്പെടുത്തുന്നതിലുമുള്ള പ്രതിബദ്ധതയാണ് ഈ പങ്കാളിത്തം പ്രതിഫലിക്കുന്നതെന്ന് ഇരുകൂട്ടരും അഭിപ്രായപ്പെട്ടു. അതോടൊപ്പം ഔഷനിർമാണ രംഗത്തും ആരോഗ്യ സാങ്കേതിക വിദ്യ നവീകരണ രംഗത്തും മേഖലയിലെ മുൻനിര കേന്ദ്രമെന്ന യു.എ.ഇയുടെ സ്ഥാനം ശക്തിപ്പെടുത്താനും പുതിയ സഹകരണം സഹായകമാവുമെന്ന് ഇരുവരും വ്യക്തമാക്കി.
മരുന്ന് വികസനത്തിൽ ഡിജിറ്റൽ പരിവർത്തനത്തെ ത്വരിതപ്പെടുത്തുന്നതിൽ ഇൻസിലിക്കോ മെഡിസിൻ പദ്ധതി പ്രധാന ചുവട്വെപ്പായിരിക്കുമെന്ന് ഇ.ഡി.ഇ അവകാശപ്പെട്ടു. ഉത്പാദനത്തിന് മുമ്പ് മരുന്നുകളുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിന് ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡീപ് ലേണിങ് സാങ്കേതികവിദ്യകളും പുതിയ സംരംഭം ഉപയോഗപ്പെടുത്തും. അതുവഴി ഗവേഷണ, വികസന ചെലവ് കുറക്കാനും രോഗികളിലേക്ക് നൂതനമായ തെറാപ്പികൾ എത്തിക്കുന്നതിനുള്ള സമയം കുറക്കാനും സഹായകമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.