ദുബൈ: വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ വോട്ടവകാശം സംരക്ഷിക്കണമെന്നും, അകാരണമായി നിരസിക്കപ്പെടുന്ന ഫോം 6എ അപേക്ഷകൾ പുനഃപരിശോധിച്ച് അംഗീകരിക്കണമെന്നും ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ, ട്രഷറർ ഡോ. ഇസ്മായിൽ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഓൺലൈൻ പോർട്ടൽ വഴി സമർപ്പിക്കുന്ന ഫോം 6എ അപേക്ഷകളിൽ ആവശ്യമായ എല്ലാ വിവരങ്ങളും, വിസാ വിശദാംശങ്ങൾ ഉൾപ്പെടെ, കൃത്യമായി രേഖപ്പെടുത്തിയിട്ടും ബന്ധപ്പെട്ട രേഖകൾ അപ്ലോഡ് ചെയ്തിട്ടും അകാരണമായി അപേക്ഷകൾ നിരസിക്കുന്ന പ്രവണത പ്രവാസികൾ ആശങ്കയോടെയാണ് കാണുന്നതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
അപേക്ഷകരിൽ പലരും സാധുവായ പാസ്പോർട്ട് പകർപ്പ്, അക്നോളജ്മെന്റ് ഫോം എന്നിവ സമർപ്പിച്ചിട്ടും ബി.എൽ.ഒ പരിശോധനയും ഫീൽഡ് വെരിഫിക്കേഷനും പൂർത്തിയായ ശേഷമാണ് പലരുടെയും നിരസിക്കൽ നടക്കുന്നതെന്നത് ഗൗരവമായ വിഷയമാണ്.
ജനാധിപത്യത്തിന്റെ അടിസ്ഥാന അവകാശമായ വോട്ടവകാശം പ്രവാസി ഇന്ത്യക്കാർക്കും തുല്യമായി ലഭിക്കണം. എന്നും സാങ്കേതിക പിഴവുകളോ അനാവശ്യ കാരണങ്ങളോ ചൂണ്ടിക്കാട്ടി അപേക്ഷകൾ തള്ളുന്നത് പ്രവാസി സമൂഹത്തിന്റെ അവകാശങ്ങൾ നിഷേധിക്കുന്നതിനു തുല്യമാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
പ്രവാസി വോട്ടർമാരുടെ അവകാശ സംരക്ഷണത്തിനായി നിയമപരവും ജനാധിപത്യപരവുമായ എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്നും ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.