വിദേശപഠനം സ്വപ്നം കാണുന്ന ഏതൊരു മലയാളി വിദ്യാർഥിയുടെയും ബക്കറ്റ് ലിസ്റ്റിൽ ആദ്യസ്ഥാനങ്ങളിൽ ഇടംപിടിക്കുന്ന പേരാണ് ആസ്ട്രേലിയ. അതൊരു വെറും രാജ്യമല്ല, ഒരു വൻകരയാണ്. ചുവന്ന മണ്ണും, നീലക്കടലും, തിളങ്ങുന്ന നഗരങ്ങളും, ലോകോത്തര നിലവാരമുള്ള ക്യാമ്പസുകളും ഒത്തുചേരുന്ന ഒരദ്ഭുത ലോകം. പഠനത്തോടൊപ്പം മികച്ച ജീവിതനിലവാരവും ഉയർന്ന വരുമാനവും ആഗ്രഹിക്കുന്നവർക്ക് ആസ്ട്രേലിയ നൽകുന്നതുപോലൊരു അവസരം മറ്റൊരു രാജ്യവും നൽകുന്നില്ലെന്ന് തന്നെ പറയാം.
എന്തുകൊണ്ട് ആസ്ട്രേലിയ?
ആസ്ട്രേലിയയെ തിരഞ്ഞെടുക്കാൻ നൂറു കാരണങ്ങൾ പറയാനുണ്ടാകും. അതിൽ ഏറ്റവും പ്രധാനം അവിടുത്തെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തന്നെയാണ്. ലോകത്തിലെ ഏറ്റവും മികച്ച 100 സർവകലാശാലകളുടെ പട്ടിക എടുത്താൽ അതിൽ നല്ലൊരു പങ്കും ആസ്ട്രേലിയയിൽ നിന്നാകും. ഗവേഷണത്തിന് അവർ നൽകുന്ന പ്രാധാന്യം, പ്രായോഗിക പരിശീലനത്തിൽ ഊന്നിയുള്ള സിലബസ്, വ്യവസായ ലോകവുമായുള്ള (Industry Connection) ബന്ധം എന്നിവ വിദ്യാർഥികളെ വെറും ബിരുദധാരികളായല്ല, മറിച്ച് ‘ജോബ് റെഡി’(Job Ready) ആയ പ്രൊഫഷനലുകളായാണ് പുറത്തിറക്കുന്നത്. മറ്റൊരു പ്രധാന ഘടകം ‘ലൈഫ് സ്റ്റൈൽ’ ആണ്. മെൽബണും സിഡ്നിയുമൊക്കെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വാസയോഗ്യമായ നഗരങ്ങളായി പലവട്ടം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സുരക്ഷിതമായ അന്തരീക്ഷം, മികച്ച ഗതാഗത സൗകര്യങ്ങൾ, സാംസ്കാരിക വൈവിധ്യം എന്നിവയൊക്കെ ഇവിടുത്തെ പ്രത്യേകതകളാണ്.
ആസ്ട്രേലിയൻ ക്വാളിഫിക്കേഷൻസ് ഫ്രെയിംവർക്ക് (എ.ക്യു.എഫ്)
ആസ്ട്രേലിയൻ വിദ്യാഭ്യാസത്തെക്കുറിച്ച് മനസ്സിലാക്കാൻ ആദ്യം അറിയേണ്ടത് ‘എ.ക്യു.എഫ്’ അഥവാ ആസ്ട്രേലിയൻ ക്വാളിഫിക്കേഷൻസ് ഫ്രെയിംവർക്കിനെക്കുറിച്ചാണ്. നമ്മുടെ നാട്ടിലെപ്പോലെ ഡിഗ്രി, പിജി എന്ന് മാത്രമല്ല അവർ കോഴ്സുകളെ തരംതിരിച്ചിരിക്കുന്നത്. ലെവൽ 1 മുതൽ ലെവൽ 10 വരെയായിട്ടാണ് ഈ ഘടന.
ലെവൽ 5 & 6 (ഡിപ്ലോമ & അഡ്വാൻസ്ഡ് ഡിപ്ലോമ): സാധാരണയായി പ്ലസ് ടു കഴിഞ്ഞവർക്ക് തിരഞ്ഞെടുക്കാവുന്ന തൊഴിലധിഷ്ഠിത കോഴ്സുകളാണിവ. TAFE (Technical and Further Education) കോളേജുകളാണ് ഇത്തരം കോഴ്സുകൾക്ക് പ്രശസ്തം. പെട്ടെന്ന് ഒരു തൊഴിൽ നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ചതാണ്.
ലെവൽ 7(ബാച്ചിലേഴ്സ് ഡിഗ്രി): നമ്മുടെ നാട്ടിലെ ഡിഗ്രിക്ക് തുല്യം. സാധാരണയായി 3 വർഷമാണ് ദൈർഘ്യം. എന്നാൽ ചില പ്രൊഫഷണൽ കോഴ്സുകൾ 4 വർഷമുണ്ടാകും.
ലെവൽ 8(ബാച്ചിലേഴ്സ് ഓണേഴ്സ്): ഡിഗ്രിയിൽ ഉയർന്ന മാർക്ക് വാങ്ങുന്നവർക്ക് ഒരു വർഷം കൂടി സ്പെഷ്യലൈസ് ചെയ്ത് പഠിക്കാനുള്ള അവസരമാണിത്. ഗവേഷണത്തിലേക്ക് തിരിയാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഗുണം ചെയ്യും.
ലെവൽ 9(മാസ്റ്റേഴ്സ് ഡിഗ്രി): ബിരുദാനന്തര ബിരുദം. ഇത് രണ്ടുതരത്തിലുണ്ട്; ‘മാസ്റ്റേഴ്സ് ബൈ കോഴ്സ് വർക്ക്’(ക്ലാസ്റൂം പഠനം), ‘മാസ്റ്റേഴ്സ് ബൈ റിസർച്ച്’(ഗവേഷണം). സാധാരണയായി 1.5 മുതൽ 2 വർഷം വരെയാണ് ദൈർഘ്യം.
ലെവൽ 10(ഡോക്ടറൽ ഡിഗ്രി): വിദ്യാഭ്യാസത്തിന്റെ ഏറ്റവും ഉയർന്ന തലമായ പിഎച്ച്ഡി.
സർവകലാശാലകൾ: എട്ടും പലതും!
ആസ്ട്രേലിയൻ സർവകലാശാലകളെക്കുറിച്ച് പറയുമ്പോൾ ആദ്യം കേൾക്കുന്ന പേര് ‘ഗ്രൂപ്പ് ഓഫ് എയ്റ്റ്’ (Group of Eight - Go8) എന്നായിരിക്കും. ആസ്ട്രേലിയയിലെ ഏറ്റവും പാരമ്പര്യമുള്ളതും ഗവേഷണത്തിന് മുൻതൂക്കം നൽകുന്നതുമായ എട്ട് സർവകലാശാലകളുടെ കൂട്ടായ്മയാണിത്. ആസ്ട്രേലിയൻ നാഷണൽ യൂനിവേഴ്സിറ്റി, മെൽബൺ, സിഡ്നി, ക്വീൻസ്ലാൻഡ്, ന്യൂ സൗത്ത് വെയിൽസ്(യു.എൻ.എസ്.ഡബ്ല്യു), മൊണാഷ്, വെസ്റ്റേൺ ആസ്ട്രേലിയ, അഡ്ലെയ്ഡ് എന്നിവയാണ് ആ എട്ടെണ്ണം. ഇവിടെ അഡ്മിഷൻ കിട്ടുന്നത് വലിയൊരു അംഗീകാരമാണ്. പക്ഷേ ഫീസ് അല്പം കൂടുതലായിരിക്കും.
എന്ന് കരുതി മറ്റ് യൂനിവേഴ്സിറ്റികൾ മോശമാണെന്ന് അർഥമില്ല. ആസ്ട്രേലിയൻ ടെക്നോളജി നെറ്റ്വർക്ക്(എ.ടി.എൻ) എന്നറിയപ്പെടുന്ന ഒരുകൂട്ടം സർവകലാശാലകളുണ്ട് (ഉദാഹരണത്തിന് RMIT, Curtin, UTS തുടങ്ങിയവ). ഇവ ടെക്നോളജിയിലും പ്രായോഗിക പരിശീലനത്തിലും വളരെ മുന്നിലാണ്. പഠിച്ചിറങ്ങിയ ഉടനെ ജോലി കിട്ടാൻ ആഗ്രഹിക്കുന്നവർക്ക് ചിലപ്പോൾ Go8-നേക്കാൾ ഗുണകരമാവുക ഇത്തരം യൂണിവേഴ്സിറ്റികളാകും. (തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.