അജ്മാന്‍: യുവതി നടത്തിയ സിം കാര്‍ഡ് തട്ടിപ്പിൽ മലയാളിയടക്കം അഞ്ച് പേർക്ക് തിരിച്ചറിയല്‍ കാര്‍ഡ് നഷ്ടമായി. വ്യാഴാഴ്ച്ച വൈകീട്ടാണ് അജ്മാന്‍ ജർഫ് ജയിലിനു സമീപത്തുള്ള കടകളില്‍ ഇന്ത്യക്കാരിയായ യുവതി ഇത്തിസാലാത്തില്‍ നിന്നുമാണെന്ന് പരിചയപ്പെടുത്തി ആളുകളെ സമീപിച്ചത്. സിംകാര്‍ഡും അതോടൊപ്പം ആറു ജി.ബി ഡാറ്റയും 200മിനുട്ട് അന്താരാഷ്‌ട്ര ഫോണ്‍ വിളിയും ആറു മാസത്തേക്ക് സൗജന്യമായി ലഭ്യമാണെന്ന് യുവതി തൊഴിലാളികളെ ധരിപ്പിച്ചു.
വലിയ ആനുകൂല്യം ലഭിക്കുന്നത് കണ്ട് ആവശ്യക്കാരായി നിരവധി പേര്‍ എത്തി. ഹോട്ടല്‍ തൊഴിലാളിയായ എടപ്പാള്‍ ആനക്കര സ്വദേശി ഫൈസലില്‍ നിന്നും സമീപത്തെ റൊട്ടി കടയിലെ നാലു അഫ്ഗാനികളില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡ് യുവതി കൈക്കലാക്കി. യുവതിയുടെ മൊബൈല്‍ നമ്പറും ഇവര്‍ക്ക് നല്‍കി. ഇത്തിസാലാത്തിെൻറ ബാഡ്ജും മിഷീനും സിം കാര്‍ഡുകളുമായി വന്ന യുവതിക്ക് ഒരു സംശയവും കൂടാതെ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയായിരുന്നെന്നു തൊഴിലാളികള്‍ പറയുന്നു. ഇതിനു മുന്‍പും പലരും ഇത്തിസാലാത്തിന്റെ ഓഫറുകളും സിമ്മുകളുമായി ഈ പ്രദേശത്ത് വന്നിട്ടുമുണ്ട്.
തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങിയ യുവതി രേഖകള്‍ ശരിയാക്കട്ടെ എന്ന് പറഞ്ഞ് അടുത്ത് പാര്‍ക്ക് ചെയ്ത ബസിനു അടുത്തേക്ക് നീങ്ങി. പെെട്ടന്നാണ് ഒരു ചുവന്ന കൊറോള കാര്‍ വരുകയും യുവതി അതില്‍ കയറി പോവുകയും ചെയ്തത്. ഇതോടെയാണ് തങ്ങള്‍ കബളിപ്പിക്കപെട്ടത് തിരിച്ചറിഞ്ഞതെന്ന് ഫൈസല്‍ പറയുന്നു. പിന്നീട് യുവതിയുടെ നമ്പറില്‍ വിളിക്കുമ്പോള്‍ പ്രവര്‍ത്തന രഹിതമാനെന്ന സന്ദേശമാണ് ലഭിക്കുന്നത്. ഇതോടെ പോലീസ് സ്റ്റേഷനിൽ പരാതി നല്‍കി. ഈ ഞായറാഴ്ച നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തിരിക്കുകയായിരുന്നു ഫൈസല്‍. വല്ല ക്രമക്കേടും നടന്നാല്‍ തിരിച്ചു വരുമ്പോള്‍ പിടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവില്‍ പഴയ തിരിച്ചറിയല്‍ കാര്‍ഡ് റദ്ദ് ചെയ്ത് പുതിയത് ലഭ്യമാക്കാന്‍ വേണ്ടി ഇപ്പോള്‍ യാത്ര നീട്ടിയിരിക്കുകയാണ് ഇദേഹം. എന്നാല്‍ എന്ത് ഉദ്ദേശ്യത്തോടെയാണ് തിരിച്ചറിയല്‍ കാര്‍ഡ് തട്ടിയെടുത്തതെന്നാണ് മനസ്സിലാകാത്തത്. സമാനമായ പല തട്ടിപ്പുകളും വ്യാവസായിക മേഖലയിലെ ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ നിന്നും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.