ദുബൈ: ഹോട്ടൽ മുറിയിൽ നിന്ന് 36000 ദിർഹം വിലയുള്ള വാച്ചും പാസ്പോർട്ടും മോഷ്ടിച്ച കേസിൽ ബ്രിട്ടീഷ് യുവാവിെൻറ തടവു ശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. യു.എ.ഇയിൽ സന്ദർശന വിസയിലെത്തിയ 29കാരനാണ് സ്വന്തം നാട്ടുകാരനായ ഒരു മാനേജറുടെ മുറിയിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയത്. 2016ൽ നടന്ന സംഭവത്തിലെ ഇയാളുടെ കൂട്ടു പ്രതി ഒളിവിലാണ്. ദുബൈ മറീനയിലെ റൂമിൽ വാച്ച് വാങ്ങാൻ എന്നു തെറ്റിദ്ധരിപ്പിച്ചാണ് ഇവർ വന്നതെന്നാണ് നിഗമനം.
മദ്യപിച്ചിരുന്നുവെന്നും സുഹൃത്തിനൊപ്പം അനുവാദത്തോടെയാണ് മുറിയിൽ കടന്നതെന്നും കുറ്റാരോപിത യുവാവ് വാദിച്ചു. പരാതിക്കാരനും മദ്യലഹരിയിലായിരുന്നുവെന്നും താൻ നിരപരാധിയാണെന്നുമാണ് യുവാവിെൻറ പക്ഷം. എന്നാൽ അപ്പീൽ ശരിവെക്കാൻ ജഡ്ജി കൂട്ടാക്കിയില്ല. മൂന്നു വർഷ തടവു ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തും.റോളക്സ് വാച്ച് വിൽക്കാൻ തീരുമാനിച്ചിരുന്ന മാനേജറെ ഒരു സുഹൃത്താണ് ഒളിവിൽ പോയ യുവാവിനെ ഫോൺ മുഖേന പരിചയപ്പെടുത്തിയത്.
ഹോട്ടലിൽ വാച്ച് നോക്കാനെത്തിയ അയാൾ കുറ്റാരോപിതനെ കൂടി മുറിയിലേക്ക് കയറ്റുകയായിരുന്നു. ദേഷ്യത്തിലും ആജ്ഞാ സ്വരത്തിലും സംസാരിച്ച പ്രതികൾ ഭീഷണിപ്പെടുത്തി വാച്ചും പാസ്പോർട്ടും കൈക്കലാക്കുകയായിരുന്നു. പാസ്പോർട്ട് തിരിച്ചു കിട്ടണമെങ്കിൽ മൂന്നു ലക്ഷം ദിർഹം നൽകണമെന്നും ഉപാധിവെച്ചു. ഒരു വെളുത്ത പൊടി മുറിയിൽ വിതറിയ പ്രതികൾ പൊലീസിൽ വിവരമറിയിച്ചാൽ താൻ കുടുങ്ങുമെന്നും ഭയപ്പെടുത്തി. പിന്നീട് ഇയാൾ ഹോട്ടൽ സെക്യൂരിറ്റിയെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.