അബൂദബി: റെസിഡൻഷ്യൽ കെട്ടിടങ്ങളിലും വില്ലകളിലും ഉണ്ടാകുന്ന അഗ്നിബാധയിൽ പൗരന്മാരുടെയും താമസക്കാരുടെയും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിന് രാജ്യത്തെ എല്ലാ കെട്ടിടങ്ങളിലും 'ഫയർ ഡിറ്റക്ടർ'സ്ഥാപിക്കുന്നത് നിർബന്ധമാക്കുന്നു. യു.എ.ഇ കാബിനറ്റ് തീരുമാന പ്രകാരമാണ് സിവിൽ ഡിഫൻസിെൻറ ഇലക്ട്രോണിക് ലിങ്കേജ് നിരീക്ഷണ സംവിധാനം ഉറപ്പാക്കുന്ന ഫയർ ഡിറ്റക്ടർ എല്ലാ പാർപ്പിടങ്ങളിലും സ്ഥാപിക്കണമെന്നത് കർശനമാക്കുന്നത്.
കെട്ടിടങ്ങളിലെ താമസക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഫയർ ഡിറ്റക്ടർ, കെട്ടിട ഉടമകളാണ് എല്ലാ പാർപ്പിടങ്ങളിലും സ്ഥാപിക്കേണ്ടത്. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും തീപിടിത്തത്തിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനും ഈ ഉപകരണം സഹായകമാവും. 2017-2019 കാലയളവിൽ യു.എ.ഇയിൽ ജനങ്ങൾ താമസിക്കുന്ന പാർപ്പിട കെട്ടിടങ്ങളിലെ അഗ്നിബാധയിൽ 68പേർ മരിക്കുകയും ഒട്ടേറെ ഭൗതിക നഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. 2019ലുണ്ടായ അഗ്നിബാധയിൽ 66 ശതമാനവും താമസ സ്ഥലങ്ങളിലായിരുന്നു. 2018ലും ഇതേ നിലവാരത്തിലായിരുന്നു പാർപ്പിടങ്ങളിലെ തീപിടിത്തം റിപ്പോർട്ട് ചെയ്തത്.
ഈ സാഹചര്യത്തിൽ അഗ്നിബാധയുടെ തീവ്രത കുറക്കാൻ, രാജ്യത്ത് പുതുതായി നിർമിക്കുന്നതുൾപ്പെടെ എല്ലാ റെസിഡൻഷ്യൽ ഹോമുകൾക്കും ഫയർ ഡിറ്റക്ടർ നിർബന്ധമാവും. സിവിൽ ഡിഫൻസ് ജനറൽ കമാൻഡ് ഇലക്ട്രോണിക് സിസ്റ്റത്തിൽ അവ ബന്ധിപ്പിക്കുകയും ചെയ്യണം. റെസിഡൻഷ്യൽ ഭവന യൂനിറ്റുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള വ്യവസ്ഥയിൽ റെസിഡൻഷ്യൽ വീടുകളുടെ നിർമാണത്തിന് ലൈസൻസ് നൽകുന്ന ഫെഡറൽ, ലോക്കൽ ഗവൺമെൻറ് ഏജൻസികൾ ഫയർ ഡിറ്റക്ടറുകൾ സ്ഥാപിക്കുകയും സിവിൽ ഡിഫൻസിെൻറ ഇലക്ട്രോണിക് സിസ്റ്റത്തിൽ ബന്ധിപ്പിക്കുകയും വേണമെന്നത് കർശനമാക്കും. നിലവിലുള്ള റെസിഡൻഷ്യൽ ഹോം ഉടമകൾക്ക് ഫയർ ഡിറ്റക്ടർ സ്ഥാപിക്കാൻ മൂന്ന് വർഷത്തെ സാവധാനം അനുവദിക്കും.
ആധുനിക സാങ്കേതികവിദ്യകളെ ആശ്രയിച്ച് കെട്ടിടങ്ങളിൽ കൂടുതൽ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള സുപ്രധാന നടപടിയാണ് തീരുമാനം. രാജ്യത്തെ സിവിൽ ഡിഫൻസ് വകുപ്പുകൾ റെസിഡൻഷ്യൽ ഹോമുകൾക്ക് സംരക്ഷണം ഉറപ്പാക്കുന്നതോടൊപ്പം സമൂഹത്തിന് അഗ്നിബാധയിൽ നിന്ന് സംരക്ഷണം ഉറപ്പാക്കാനും പ്രയോജനകരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.