'പ്രൗഡ് ഓഫ് യു.എ.ഇ' സാംസ്‌കാരിക-സമൂഹ സംഗമത്തില്‍ സഹിഷ്ണുത, സഹവര്‍ത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍ സംസാരിക്കുന്നു
‘പ്രൗഡ് ഓഫ് യു.എ.ഇ’ സാംസ്‌കാരിക-സമൂഹ സംഗമൊരുക്കി അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ
അബൂദബി: യു.എ.ഇയും ഇന്ത്യയും തമ്മിലുള്ളത് ആഴത്തിലുള്ളതും ചരിത്രപരമായ സൗഹൃദമെന്ന് യു.എ.ഇയുടെ ഏറ്റവും അടുത്ത സുഹൃത്ത് ഇന്ത്യൻ ജനതയാണെന്ന് യു.എ.ഇ സഹിഷ്ണുത, സഹവര്‍ത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍. അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ സംഘടിപ്പിച്ച ‘പ്രൗഡ് ഓഫ് യു.എ.ഇ’ സാംസ്‌കാരിക-സമൂഹ സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇയില്‍ ജീവിക്കുന്ന ഏവരുടെയും ഐക്യത്തിന്‍റെയും രാജ്യത്തോടുള്ള പ്രതിബദ്ധതയുടെയും പ്രതീകമാണ് ഈ ആഘോഷം. യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള സൗഹൃദവും പരസ്പര വിശ്വാസവും സഹകരണവും വ്യക്തമാക്കുന്നതാണ് ഈ കൂട്ടായ്മയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എംബസി ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് വൈസ് ചെയര്‍മാന്‍ ഡോ. ജമാല്‍ സനദ് അല്‍ സുവൈദി, അബൂദബി കമ്യൂണിറ്റി ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് (ഡി.സി.ഡി) ചെയര്‍മാന്‍ ഷാമിസ് അലി ഖല്‍ഫാന്‍ അല്‍ ദാഹിരി, യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. ദീപക് മിത്തല്‍, പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് മത-നീതിന്യായ ഉപദേശകന്‍ അലി അല്‍ ഹാഷിമി, അബൂദബി ഹെറിറ്റേജ് അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്ല ബുട്ടി അല്‍ ഖുബൈസി, ലുലു ഗ്രൂപ് ഇന്‍റര്‍നാഷണല്‍ ചെയര്‍മാന്‍ ഡോ. എം.എ. യൂസഫലി എന്നിവരും നിരവധി പ്രമുഖരും ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.
സാമൂഹിക സേവന രംഗത്തും യു.എ.ഇ-ഇന്ത്യ ബന്ധം ദൃഢമാക്കുന്നതിലും ലുലു ഗ്രൂപ് ചെയര്‍മാന്‍ ഡോ. എം.എ. യൂസഫലി നല്‍കുന്ന സംഭാവനകളെയും നേതൃത്വത്തെയും ശൈഖ് നഹ്യാൻ പ്രശംസിച്ചു. സംസ്‌കാരങ്ങളെയും സമൂഹങ്ങളെയും ബന്ധിപ്പിക്കുന്ന പാലമായി മാറാന്‍ യൂസഫലിക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസവും സംസ്‌കാരവും സാമൂഹിക ഇടപെടലുകളും എങ്ങനെ സാമൂഹിക ഐക്യത്തിന് കാരണമാകുന്നു എന്ന് തെളിയിക്കുന്നതാണ് അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.എ.ഇയുടെ അഭൂതപൂര്‍വമായ വികസനത്തെയും സഹിഷ്ണുതയെയും ഇന്ത്യന്‍ സ്ഥാനപതി ഡോ. ദീപക് മിത്തല്‍ ചടങ്ങില്‍ പ്രശംസിച്ചു. ഇരുരാജ്യങ്ങളുടെയും പൈതൃകം വിളിച്ചോതുന്ന ഇമാറാത്തി, ഇന്ത്യന്‍ കലാസാംസ്‌കാരിക പരിപാടികളും സഹവര്‍ത്തിത്വത്തിന്‍റെ യു.എ.ഇ ചരിത്രവും ഇന്ത്യന്‍ സമൂഹത്തിന്‍റെ പങ്കും വ്യക്തമാക്കുന്ന ഡോക്യുമെന്‍ററി പ്രദര്‍ശനവും അരങ്ങേറി.
ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ പ്രസിഡന്‍റ് അബ്ദു റഊഫ് അഹ്സനി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി സ്വാഗതവും ട്രഷറർ അബ്ദുൽ അസീസ് കാളിയാടൻ നന്ദിയും പറഞ്ഞു. അബ്ദുല്ല ഫാറൂഖി, വൈസ് പ്രസിഡന്‍റ് വി.പി.കെ. അബ്ദുല്ല, അഡ്മിൻ സെക്രട്ടറി അബ്ദുല്ല നദ്‌വി, പ്രോഗ്രാം ചീഫ് കോ-ഓർഡിനേറ്റർ അബ്ദുൽ ബാസിത് കായക്കണ്ടി, പബ്ലിക് റിലേഷൻസ് വിങ് കൺവീനർ സലിം നാട്ടിക, അഷ്റഫ് നജാത്, ഹംസ നടുവിൽ, ഹൈദർ ബിൻ മൊയ്‌ദു നെല്ലിശ്ശേരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.