യു.എ.ഇയും ബഹ്റൈനും ചേർന്ന് ഗസ്സയിലേക്ക് അയക്കുന്ന സഹായവസ്തുക്കൾ വിമാനത്തിൽ കയറ്റുന്നു
ദുബൈ: യുദ്ധത്തെ തുടർന്ന് ദുരിതത്തിലായ ഗസ്സയിലേക്ക് യു.എ.ഇയും ബഹ്റൈനും ചേർന്ന 100ടൺ സഹായം അയച്ചു. എമിറേറ്റ്സ് റെഡ് ക്രസന്റുമായും ഓപറേഷൻ ഷിവർലെസ് നൈറ്റ് 3യുമായും സഹകരിച്ചാണ് റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ബഹ്റൈനാണ് റമദാൻ മാസത്തോടനുബന്ധിച്ച് സഹായ സാമഗ്രികൾ അയച്ചത്.
സഹായ വസ്തുക്കൾ ഈജിപ്തിലെ അൽ ആരിഷ് വിമാനത്താവളത്തിൽ എത്തിച്ചശേഷം റഫ ബോർഡർ വഴി ഗസ്സയിലേക്ക് എത്തിക്കാനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശപ്രകാരം, യുവജനകാര്യങ്ങൾക്കുമായി രാജാവിന്റെ പ്രതിനിധിയായ നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ മാർഗനിർദേശത്തിലാണ് പദ്ധതി നടപ്പിലാക്കിയതെന്ന് അധികൃതർ അറിയിച്ചു.
കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടിയുള്ള ഹൈജീൻ കിറ്റുകൾ, അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങൾ എന്നിവയാണ് 100 ടൺ സഹായത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഗസ്സയിൽ ഗുരുതരമായ മാനുഷിക പ്രതിസന്ധി നേരിടുന്ന സഹോദര ജനതക്ക് പിന്തുണ നൽകുന്നതാണ് ബഹ്റൈൻ രാജാവിന്റെ കാഴ്ചപ്പാടെന്നും, ഫലസ്തീൻ വിഷയത്തിൽ ബഹ്റൈൻ തുടർച്ചയായ പിന്തുണ അറിയിക്കുന്നതിന്റെ തെളിവാണ് ഈ നടപടിയെന്നും റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ ആക്ടിങ് സെക്രട്ടറി ജനറൽ എൻജിനീയർ ഇബ്രാഹിം ദൽഹാൻ അൽ ദൂസരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.