ദുബൈ: 938 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി യു.എ.ഇയുടെ അഞ്ച് മാനുഷിക സഹായ വ്യൂഹങ്ങൾ ഗസ്സ മുനമ്പിൽ പ്രവേശിച്ചു. ആകെ 76 ട്രക്കുകളടങ്ങിയതാണ് ഈ ആഴ്ച ഗസ്സയിലെത്തിയ വാഹനവ്യൂഹം.
നിലവിലെ പ്രതിസന്ധികൾക്കിടയിൽ ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിനും അവരുടെ അടിയന്തര മാനുഷിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി യു.എ.ഇ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് സഹായ വ്യൂഹങ്ങൾ ഗസ്സ മുനമ്പിലെത്തിച്ചത്.
ഭക്ഷ്യക്കിറ്റുകൾ, താൽക്കാലിക അഭയകേന്ദ്രങ്ങൾക്കുള്ള സാമഗ്രികൾ, 20 കുടിവെള്ള ടാങ്കറുകൾ എന്നിവയാണ് ഈ ട്രക്കുകളിലുള്ളത്. ഗസ്സയിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കാൻ ഇതേറെ സഹായകമാകും.
യു.എ.ഇ ഹ്യുമാനിറ്റേറിയൻ എയ്ഡ് ലോജിസ്റ്റിക്സ് സെന്റർ വഴിയാണ് സഹായങ്ങൾ അതിവേഗം തരംതിരിച്ച് ഗസ്സയിലേക്ക് അയക്കുന്നത്. ഫലസ്തീനിലെ ജനങ്ങളുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിനായി യു.എ.ഇ നടപ്പാക്കുന്ന വിപുലമായ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ തുടർച്ചയാണിത്.
അടിയന്തര സാഹചര്യങ്ങളിൽ ഫലസ്തീനികൾക്ക് കൈത്താങ്ങാകാനും ദുരിതാശ്വാസ സഹായങ്ങൾ മുടക്കമില്ലാതെ എത്തിക്കാനുമുള്ള യു.എ.ഇയുടെ മാനുഷിക പ്രതിബദ്ധതയും സഹാനുഭൂതിയും വെളിവാക്കുന്ന ‘ഓപറേഷൻ ഷിവാൽറസ് നൈറ്റ് 3’ യുടെ ഭാഗമായാണ് ഈ സഹായ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.