അബൂദബി: വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് 42 റിക്രൂട്ട്‌മെന്റ് ഓഫിസുകൾക്ക് യു.എ.ഇ മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം പിഴ ചുമത്തി. 2026ന്റെ ആദ്യ പകുതിയിൽ ആകെ 135 നിയമപരവും ഭരണപരവുമായ ലംഘനങ്ങളാണ് കണ്ടെത്തിയത്. രാജ്യത്തെ ഗാർഹിക തൊഴിലാളി വിപണിയെ കൂടുതൽ കൃത്യമായി നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി നടത്തുന്ന പരിശോധനകളുടെ ഭാഗമായാണ് നടപടി.
കണ്ടെത്തിയ ലംഘനങ്ങളിൽ ഭൂരിഭാഗവും (106 എണ്ണം) തൊഴിലുടമകൾക്ക് നിയമപരമായി തിരികെ നൽകേണ്ട റിക്രൂട്ട്‌മെന്റ് ഫീസ് കൃത്യസമയത്ത് നൽകുന്നതിൽ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ടതാണ്. ഗാർഹിക തൊഴിലാളി നിയമം അനുസരിച്ച്, തൊഴിലാളിയെ ഓഫിസിലേക്ക് തിരിച്ചയക്കുകയോ ജോലി ഉപേക്ഷിച്ചതായി റിപ്പോർട്ട് ചെയ്യുകയോ ചെയ്താൽ രണ്ടാഴ്ചക്കുള്ളിൽ ഫീസ് പൂർണമായോ ഭാഗികമായോ തിരികെ നൽകണം. ഇതുകൂടാതെ, വ്യവസ്ഥകൾ പാലിക്കാത്തതിന് മറ്റ് 29 ലംഘനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
മന്ത്രാലയത്തിന്റെ അംഗീകൃത മാനദണ്ഡങ്ങൾ പാലിച്ചും സുതാര്യമായും പ്രവർത്തിക്കുന്ന ഏജൻസികളുടെ ഉത്തരവാദിത്വ ബോധത്തെ മന്ത്രാലയം അഭിനന്ദിച്ചു. ലൈസൻസുള്ള 138 ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫിസുകളാണ് യു.എ.ഇയിൽ പ്രവർത്തിക്കുന്നത്.
നിയമലംഘനങ്ങൾ നടത്തുന്ന ഏജൻസികൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. റിക്രൂട്ട്‌മെന്റ് ഓഫിസുകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയോ 80084 എന്ന കോൾ സെന്റർ നമ്പറിലോ വിവരമറിയിക്കാൻ പൊതുജനങ്ങളോട് അഭ്യർഥിച്ചു. കൂടാതെ, മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ലൈസൻസുള്ള ഓഫിസുകളുമായി മാത്രം ഇടപാടുകൾ നടത്താനും കരാറുകളിൽ ഒപ്പിടുന്നതിന് മുമ്പ് നിയമങ്ങൾ വായിച്ചു മനസ്സിലാക്കാനും തൊഴിലുടമകൾക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.