അബൂദബി: രാജ്യത്ത് പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ചു പ്രവര്‍ത്തിച്ച 31 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി യു.എ.ഇ കാലാവസ്ഥാ വ്യതിയാനം - പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഗുരുതര നിയമലംഘനം കണ്ടെത്തിയ 104 സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട സമിതികള്‍ക്ക് കൈമാറുകയും ചെയ്തു. ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ മന്ത്രാലയവും പ്രാദേശിക അധികൃതരും സംയുക്തമായി നടത്തിയ 30 പരിശോധന കാമ്പയിനുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
പെറ്റ് ഷോപ്പുകള്‍, കന്നുകാലി-പക്ഷി വിപണികള്‍, നഴ്‌സറികള്‍ എന്നിവയുള്‍പ്പെടെ നിയന്ത്രിത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 269 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. ഇതില്‍ 45 സ്ഥാപനങ്ങള്‍ക്ക് വീഴ്ചകള്‍ തിരുത്താന്‍ മുന്നറിയിപ്പ് നല്‍കി. നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് വരെ 16 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെപ്പിച്ചു.
മൃഗക്ഷേമ നിയമങ്ങള്‍, പരിസ്ഥിതി സുരക്ഷാ മാനദണ്ഡങ്ങള്‍, വംശനാശഭീഷണി നേരിടുന്ന ജീവികളുടെ അന്താരാഷ്ട്ര വ്യാപാരവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എന്നിവ പാലിക്കുന്നുണ്ടോ എന്നാണ് പ്രധാനമായും പരിശോധിച്ചത്. ആവശ്യമായ ലൈസന്‍സുകളോ അനുമതികളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ നിയമവിധേയമാക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. ഇതിനായി സാവകാശം നല്‍കിയിട്ടുണ്ടെന്നും അതിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഫെഡറല്‍ പ്രാദേശിക അധികൃതരുടെ സംയോജിത പ്രവര്‍ത്തനം രാജ്യത്തെ നിരീക്ഷണ സംവിധാനം കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കുമെന്ന് മന്ത്രാലയത്തിലെ റീജിയന്‍സ് സെക്ടര്‍ അസി. അണ്ടര്‍ സെക്രട്ടറി മര്‍വാന്‍ അബ്ദുല്ല അല്‍ സാബി പറഞ്ഞു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ജൈവവൈവിധ്യവും പ്രകൃതിയും സംരക്ഷിക്കാനും നിര്‍ബന്ധിത പരിശോധനകള്‍ക്കൊപ്പം ബോധവല്‍ക്കരണവും ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരിട്ടുള്ള പരിശോധനകള്‍ക്ക് പുറമെ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും വ്യാപാരാഭ്യര്‍ഥനകളും പ്രചരിപ്പിക്കുന്ന സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍, അക്കൗണ്ടുകള്‍ എന്നിവ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇത്തരം അക്കൗണ്ടുകള്‍ക്കെതിരെ ജുഡീഷ്യല്‍ ലംഘന റിപ്പോര്‍ട്ടുകള്‍ തയാറാക്കി നടപടിയെടുക്കും.
പരിശോധനകള്‍ വേഗത്തിലാക്കാനും സുതാര്യമാക്കാനും ഡിജിറ്റല്‍ സംവിധാനങ്ങളും ഇലക്ട്രോണിക് കംപ്ലയന്‍സ് രീതികളും മന്ത്രാലയം നടപ്പാക്കുന്നുണ്ട്.
ഇത് സര്‍ക്കാറിന്റെ 'സീറോ ഗവണ്‍മെന്റ് ബ്യൂറോക്രസി' പ്രോഗ്രാമിന്റെ ലക്ഷ്യങ്ങള്‍ക്ക് കരുത്തുപകരും. പാരിസ്ഥിതിക നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ‘തവാസുല്‍ 171’ പ്ലാറ്റ്ഫോം വഴി അധികൃതരെ വിവരമറിയിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.