ദുബൈ: തിങ്കളാഴ്ച ഉച്ചക്കുശേഷം യു.എ.ഇയുടെ കിഴക്ക്, പടിഞ്ഞാറൻ മേഖലകളിൽ കനത്ത മഴ ലഭിച്ചു. കിഴക്കൻ മേഖലയിൽ ഫുജൈറയുടെയും റാസൽഖൈമയുടെയും അതിർത്തിയിലുള്ള മസാഫിയിലാണ് ഇന്നലെ ഉച്ചക്കുശേഷം മഴ പെയ്തത്. ആലിപ്പഴ വർഷത്തോടെയായിരുന്നു മസാഫിയിൽ മഴയെത്തിയത്.
ഉയർന്ന താപനില അനുഭവപ്പെടുന്ന രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായ കാലാവസ്ഥയാണ് മസാഫിയിൽ അനുഭവപ്പെട്ടത്. കിഴക്കൻ മേഖലയിൽ ഇടക്കിടെ മഴ പെയ്യുമ്പോഴും ദുബൈ, അബൂദബി ഉൾപ്പെടെയുള്ള മറ്റ് എമിറേറ്റുകളിൽ കടുത്ത വേനൽച്ചൂടും തെളിഞ്ഞ കാലാവസ്ഥയും തുടരുകയാണ്.
രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ ഉച്ചക്കു ശേഷം മഴക്ക് സാധ്യതയുണ്ടെന്ന ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ (എൻ.സി.എം) പ്രവചനത്തിന് അനുസൃതമായാണ് മഴ ലഭിച്ചത്.
ഹജാർ പർവതനിരകൾക്ക് മുകളിലുണ്ടാകുന്ന ശക്തമായ ചൂട് കാരണം രൂപപ്പെടുന്ന സവിശേഷ മേഘങ്ങളാണ് ഇത്തരം പെട്ടെന്നുള്ള കനത്ത മഴക്ക് കാരണമാകുന്നത്. യു.എ.ഇയിലെ സാധാരണ വേനൽക്കാല കാലാവസ്ഥാ രീതിയുടെ ഭാഗമാണിത്. ശനിയാഴ്ച ഉച്ചക്കുശേഷം ഷാർജയിലെ അൽ ദൈദ്, സുഹൈല എന്നിവിടങ്ങളിലും കനത്ത മഴ പെയ്തിരുന്നു. വാദികൾ കവിഞ്ഞൊഴുകുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച രാവിലെ വരെ തീരദേശ മേഖലകളിൽ നേരിയ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും ഈർപ്പമുള്ള അന്തരീക്ഷം തുടരുമെന്നും എൻ.സി.എം അറിയിച്ചു. കുറഞ്ഞതോ മിതമായതോ ആയ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. ഇത് ചിലയിടങ്ങളിൽ പൊടിപടലങ്ങൾ ഉയരാൻ ഇടയാക്കും. അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കും.
തിങ്കളാഴ്ച ഉച്ചക്ക് ശേഷം ഫുജൈറ, ഖോർഫക്കാൻ, റാസൽഖൈമ എന്നിവയുടെ ചില ഭാഗങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ, ഓറഞ്ച് മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിരുന്നു. അപകടകരമായ കാലാവസ്ഥ പ്രതീക്ഷിക്കാവുന്നതിനാൽ വീടുകളിൽനിന്ന് പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
കാലാവസ്ഥ സംബന്ധമായി, ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും ജനങ്ങളോട് കാലാവസ്ഥാ കേന്ദ്രം അഭ്യർഥിച്ചു. മഴയുള്ളപ്പോൾ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽനിന്നും മിന്നലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ നിന്നും മാറിനിൽക്കണമെന്നും മുന്നറിയിപ്പുണ്ട്. ആലിപ്പഴ വീഴ്ചയുണ്ടായാൽ പ്രാദേശിക അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും എൻ.സി.എം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.