ദുബൈ: മേഖലയിലെ വിവിധ രാജ്യങ്ങൾ വ്യോമാതിർത്തി അടക്കുകയും വിമാന സർവിസുകൾ താളംതെറ്റുകയും ചെയ്ത പശ്ചാത്തലത്തിൽ യു.എ.ഇ വിമാനത്താവളങ്ങളിൽ അടിയന്തര പ്രതികരണത്തിന് സംവിധാനം ഒരുക്കി. സംവിധാനത്തിന്റെ ഭാഗമായി മുഴു സമയവും വിമാനത്താവളങ്ങളിൽ കുടുങ്ങിയവരെ സഹായിക്കാൻ ഫീൽഡ് ടീമും പ്രവർത്തിക്കും.
രാജ്യത്തെ വിമാനത്താവളങ്ങളിൽ യാത്രാപ്രക്രിയകൾ എളുപ്പത്തിലാക്കാൻ സമഗ്രമായ സംവിധാനമാണ് സജ്ജീകരിച്ചിട്ടുള്ളതെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, ആൻഡ് പോർട് സെക്യൂരിറ്റി (ഐ.സി.പി.സി.പി) അറിയിച്ചു. യാത്രയുടെ തടസ്സങ്ങൾ ഒഴിവാക്കാനും യാത്രക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താനും ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളുമായി ഏകോപിച്ച് പ്രവർത്തിക്കുന്നതായും അതോറിറ്റി അറിയിച്ചു.
വിമാനത്താവളങ്ങളിൽ വിന്യസിക്കുന്ന ഫീൽഡ് ടീമംഗങ്ങൾക്ക് വിദഗ്ധരുടെ സഹായവും നൂതനമായ സാങ്കേതികവിദ്യയും ഉറപ്പുവരുത്തും. യാത്രക്കാരുടെ ഒഴുക്ക്, എമിഗ്രേഷൻ പ്രക്രിയകൾ, വിമാനക്കമ്പനികളുമായി ഏകോപിച്ച് വിമാനങ്ങളുടെ പുനഃക്രമീകരണം എന്നിവ നിയന്ത്രിക്കുന്നതിന് ടീമംഗങ്ങൾ പ്രവർത്തിക്കും. വിമാനങ്ങൾ വൈകിയതോ വഴിതിരിച്ചുവിട്ടതോ കാരണമായി കുടുങ്ങിപ്പോയ യാത്രക്കാർക്ക് പ്രത്യേക ശ്രദ്ധ ഇവർ നൽകും. താൽക്കാലിക താമസ സൗകര്യം, തത്സമയ അപ്ഡേറ്റുകൾ, ലോജിസ്റ്റിക്കൽ സഹായം എന്നിവ അധികൃതർ ഉറപ്പാക്കും. ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിലേക്കുള്ള നിരവധി സർവിസുകൾ റദ്ദാക്കപ്പെടുകയും സമയം നീട്ടുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽനിന്ന് ഗൾഫ് മേഖലയിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകളും താളംതെറ്റുന്ന സാഹചര്യമുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് അടക്കം കേരളത്തിൽനിന്ന് പുറപ്പെടേണ്ട വിവിധ സർവിസുകൾ റദ്ദാക്കിയിട്ടുണ്ട്. അപ്രതീക്ഷിതമായി വിമാന സർവിസുകൾ താളംതെറ്റുന്നത് നിരവധി യാത്രക്കാരെയാണ് ബുദ്ധിമുട്ടിലാക്കുന്നത്. ഈ സാഹചര്യത്തിലാണ് യാത്രക്കാരെ സഹായിക്കുന്നതിന് സംവിധാനം ഒരുക്കിയിട്ടുള്ളത്. മേഖലയിലെ സാഹചര്യത്തിന് അനുസരിച്ച് വിമാന സർവിസുകൾ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് യാത്രകൾക്ക് മുമ്പ് ഷെഡ്യൂൾ പരിശോധിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.