ദുബൈ: വ്രതാനുഷ്ഠാനത്തിന്റെ വിശുദ്ധിപകരുന്ന റമദാനിന്റെ രാപ്പകലുകളിലേക്ക് ഇനി രണ്ടാഴ്ച കൂടി. യു.എ.ഇയിൽ മാർച്ച് 22 മുതൽ ഇത്തവണ റമദാൻ ആരംഭിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. കഴിഞ്ഞ നാലു വർഷമായി കോവിഡ് മഹാമാരിയെ തുടർന്നുള്ള നിയന്ത്രണങ്ങളിലായിരുന്നു വ്രതകാലം വിശ്വാസികൾ ചെലവഴിച്ചത്. എന്നാൽ, ഇത്തവണ മാസ്ക് അടക്കമുള്ള നിയന്ത്രണങ്ങളൊന്നും പള്ളികളിൽ നിർബന്ധമല്ല. ഇഫ്താർ ഒത്തുചേരലിനും പ്രത്യേകിച്ച് തടസ്സങ്ങളുണ്ടാകാൻ സാധ്യതയില്ല. ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം വരുംദിവസങ്ങളിൽ പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റമദാൻ മുന്നൊരുക്കങ്ങളുടെ ഭാഗമായി പള്ളികളിലും അനുബന്ധ സംവിധാനങ്ങളിലും അറ്റകുറ്റപ്പണികളും മറ്റു പ്രവൃത്തികളും പുരോഗമിക്കുകയാണ്. റസ്റ്റാറൻറുകളിലും ഹോട്ടലുകളിലും പ്രത്യേക സൗകര്യങ്ങളും മറ്റും ഒരുക്കാനുള്ള പ്രവൃത്തികളും നടക്കുന്നുണ്ട്. ഇത്തവണ കൂടുതൽ സ്ഥലങ്ങളിൽ ഇഫ്താർ ടെൻറുകളും ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതാണ്. ലേബർ ക്യാമ്പുകളിലടക്കം നോമ്പുതുറപ്പിക്കുന്നതിന് സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ച് പ്രവാസി സംഘടനകളും രംഗത്തുവരും. വിശുദ്ധമാസത്തെ വരവേൽക്കാൻ വിപുലമായ പരിപാടികളൊരുക്കി ദുബൈ എക്സ്പോ സിറ്റിയും നേരത്തെതന്നെ ഒരുങ്ങിയിട്ടുണ്ട്. പരമ്പരാഗത റമദാൻ ചടങ്ങുകളും ആഘോഷങ്ങളും ഉൾപ്പെടുത്തിയ ചടങ്ങുകൾ ‘ഹയ്യ് റമാദാൻ’ എന്ന തലക്കെട്ടിൽ മാർച്ച് മൂന്ന് മുതൽ ഏപ്രിൽ 25വരെയാണ് നടത്തപ്പെടുന്നത്.
റമദാനിനെ അനുഭവവേദ്യമാകുന്ന ആകർഷകമായ അന്തരീക്ഷവും രുചികരമായ ഭക്ഷണങ്ങളും ആവേശകരമായ പ്രവർത്തനങ്ങളുമാണ് പരിപാടികളുടെ ഭാഗമായി ഒരുക്കുന്നത്. കാമ്പയിൻ കാലയളവിൽ അൽ വസ്ൽ പ്ലാസയിലെ പരിപാടികൾക്കും കായികപ്രവർത്തനങ്ങൾക്കും സന്ദർശകർക്ക് പ്രവേശനം സൗജന്യമായിരിക്കും.
പെർഫ്യൂമുകളും സമ്മാനങ്ങളും തുന്നിയ വസ്ത്രങ്ങളും ലഭിക്കുന്ന നൈറ്റ് മാർക്കറ്റും പ്രവർത്തിക്കും. എക്സ്പോ സിറ്റിയിൽ വന്ന് നോമ്പ് തുറക്കാനും ആരാധന അനുഷ്ഠാനങ്ങൾ നിർവഹിക്കാനും അത്താഴം കഴിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനായി പുതിയ പള്ളിയും എക്സ്പോ നഗരിയിൽ നിർമിച്ചിട്ടുണ്ട്.
അതിനിടെ റമദാനിന് മുന്നോടിയായി മക്കയിലേക്ക് പോകുന്ന ഉംറ തീർഥാടകരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. നിരവധി പേരാണ് കരമാർഗം ബസിൽ യാത്രചെയ്ത് ഉംറ നിർവഹിക്കാൻ റമദാനിലേക്ക് ബുക്ക് ചെയ്തിട്ടുള്ളത്. വ്രതമാസത്തിലെ അവസാന പത്തു ദിവസങ്ങളിലാണ് ഉംറ തീർഥാടകർ ഏറ്റവും വർധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.