ആർ.ടി.എ പുതുതായി തുറന്ന മേൽപാലങ്ങൾ
ദുബൈ: നഗരത്തിൽ രണ്ട് മേൽപാലങ്ങൾ കൂടി ഗതാഗതത്തിനായി തുറന്നു. ട്രേഡ് സെൻറർ റൗണ്ട് എബൗട്ട് വികസന പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തിയായ പാലങ്ങളാണ് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) തുറന്നുനൽകിയത്. സെക്കൻഡ് ഡിസംബർ സ്ട്രീറ്റിൽ നിന്ന് ശൈഖ് സായിദ് റോഡ്, അൽ മജ്ലിസ് സ്ട്രീറ്റ് എന്നിവിടങ്ങളിലേക്കുള്ള ഗതാഗത നീക്കം സുഗമമാകാൻ പാലം സഹായകമാവും. ഇതുവഴിയുള്ള യാത്ര സമയം 10 മിനിറ്റിൽ നിന്ന് രണ്ട് മിനിറ്റായും കുറയും. സെക്കൻഡ് ഡിസംബർ സ്ട്രീറ്റിൽ നിന്ന് അൽ മജ്ലിസ് സ്ട്രീറ്റ്, അൽ മുസ്തഖബൽ സ്ട്രീറ്റ്, സഅബീൽ പാലസ് സ്ട്രീറ്റ് എന്നിവിടങ്ങളിലേക്കുള്ള യാത്ര സമയമാണ് രണ്ട് മിനിറ്റായി കുറയുക. ട്രേഡ് സെൻറർ റൗണ്ട് എബൗട്ടിലെ ഗതാഗതവും കൂടുതൽ സുഗമമാകാൻ പുതിയ പാലങ്ങൾ പ്രയോജനപ്പെടും.
ഇരു ദിശയിലേക്കും രണ്ട് ലൈനുകൾ വീതമുള്ള പാലത്തിൻറെ ആകെ നീളം രണ്ട് കിലോമീറ്ററാണ്. മണിക്കൂറിൽ ഏതാണ്ട് 6000 വാഹനങ്ങൾക്ക് കടന്നുപോകാനുള്ള ശേഷിയാണ് രണ്ട് പാലങ്ങൾക്കുമായി ഉള്ളത്. നിശ്ചയിച്ച തീയതിയുടെ ഒരു മാസം മുമ്പ് തന്നെ പാലം തുറന്നു നൽകാൻ ആർ.ടി.എക്ക് കഴിഞ്ഞു. അടുത്ത ജനുവരി പകുതിയോടെ നിർമാണം പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ആകെ 5,000 മീറ്റർ നീളത്തിൽ അഞ്ച് പാലങ്ങളുടെ നിർമാണം ആർ.ടി.എ പ്രഖ്യാപിച്ചത് കഴിഞ്ഞ വർഷം ഒക്ടോബറിലാണ്.
ട്രേഡ് സെൻറർ റൗട്ട് എബൗട്ടിലെ വാഹനങ്ങളുടെ തിരക്ക് കുറക്കുകയും ഗതാഗതം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ശൈഖ് റാശിദ് റോഡ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സഅബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്ലിസ് സ്ട്രീറ്റ് തുടങ്ങിയ അഞ്ച് പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന ജങഷനാണ് ട്രേഡ് സെൻറർ റൗണ്ട് എബൗട്ട്. നിശ്ചിയിച്ച തീയതിക്ക് മുമ്പായി തന്നെ പാലങ്ങളുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണെന്ന് ആർ.ടി.എ എക്സിക്യുട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.
പദ്ധതി പൂർത്തീകരണം 50 ശതമാനത്തിലെത്തിയിരിക്കുകയാണ്. ഇതിൽ രണ്ട് പാലങ്ങളാണ് നിലവിൽ തുറന്നുനൽകിയിരിക്കുന്നത്. ശൈഖ് സായിദ് റോഡിനെയും ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിനേയും ബന്ധിപ്പിക്കുന്ന പാലം മാർച്ചിൽ തുറക്കും. മറ്റ് രണ്ട് പാലങ്ങൾ അടുത്ത വർഷം ഒക്ടോബറിൽ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ശൈഖ് റാശിദ് റോഡ്, അൽ മജ്സലിസ് സ്ട്രീറ്റിലേക്ക് നീളുന്ന സെക്കൻഡ് ഡിസംബർ സ്ട്രീറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള ഗതാഗതം സുഗമമാക്കാൻ ഈ പാലം പ്രയോജനപ്പെടും. പദ്ധതി പൂർത്തിയാകുന്നതോടെ ഇൻറർസെക്ഷനിലെ ശരാശരി കാലതമസം 12 മിനിറ്റിൽ നിന്ന് 90 സെക്കൻഡായി കുറക്കുകയും ശൈഖ് സായിദ് റോഡിൽ നിന്ന് ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്ര സമയം ആറ് മിനിറ്റിൽ നിന്ന് ഒരു മിനിറ്റായി കുറക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.