അബൂദബി: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മേയിൽ യു.എ.ഇയിലെത്തുമെന്ന് റിപ്പോർട്ട്. അധികാരമേറ്റശേഷം നടത്തുന്ന സൗദി അറേബ്യൻ സന്ദർശനത്തിന് പിന്നാലെയാണ് അദ്ദേഹം യു.എ.ഇയിലെത്തുന്നതെന്നാണ് വിവരം.
വൈറ്റ് ഹൗസ് ഉടൻ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയേക്കും. രണ്ടാം ടേമിലെ ആദ്യ വിദേശയാത്രയിൽ നിക്ഷേപ കരാറിൽ ഒപ്പുവെക്കുന്നതിനായി മേയ് മാസത്തിൽതന്നെ സൗദി അറേബ്യ സന്ദർശിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ഇതോടൊപ്പം ഖത്തറിലും യു.എ.ഇയിലും സന്ദർശനം നടത്താനാണ് പദ്ധതി. 2017ൽ തുടങ്ങിയ ആദ്യ ടേമിലെ ആദ്യ വിദേശയാത്ര സൗദി അറേബ്യയിലേക്കായിരുന്നു.
സൈനിക ഉപകരണങ്ങൾ വാങ്ങുന്നത് ഉൾപ്പെടെ യു.എസ് സമ്പദ്വ്യവസ്ഥയിൽ ഒരു ലക്ഷം കോടി ഡോളറിലധികം നിക്ഷേപിക്കുന്നതിനുള്ള ഒരു കരാറിൽ ഒപ്പുവെക്കുക എന്നതായിരിക്കും സൗദി അറേബ്യൻ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് ട്രംപ് നൽകുന്ന സൂചന.
ഖത്തറിലും യു.എ.ഇയിലും സമാനമായ കരാറുകളിൽ ഒപ്പുവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, കരാറുകളുടെ വിശദാംശങ്ങൾ പ്രസിഡന്റ് വെളിപ്പെടുത്തിയില്ല. ജി.സി.സി രാജ്യങ്ങളിലെ സന്ദർശനത്തിൽ യുക്രെയ്ൻ - റഷ്യ യുദ്ധവും ഗസ്സയിലെ യുദ്ധവും ചർച്ചയാകും. കഴിഞ്ഞ ആഴ്ച അബ്രഹാം കരാറുകളിൽ കൂടുതൽ രാജ്യങ്ങളെ ചേർക്കുമെന്ന് ട്രംപ് പ്രതിജ്ഞയെടുത്തിരുന്നു. കൂടുതൽ രാജ്യങ്ങൾ യു.എസുമായി കരാറുകളിൽ ചേരാൻ ആഗ്രഹിക്കുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
കരാറുകളിൽ സൗദി അറേബ്യ പങ്കാളിയാകുമെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതീക്ഷയെങ്കിലും ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധം മൂലം സൗദി മറിച്ചൊരു തീരുമാനമെടുക്കുമോ എന്ന ആശങ്കയും യു.എസിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.