ദുബൈ: കനത്ത മഴയിൽ വെള്ളം കയറി കേടായ വിവരം മറച്ചുവെച്ച് കാർ വിൽപന നടത്തിയ കേസിൽ മലയാളിക്ക് അനുകൂലമായി വിധി പറഞ്ഞ് ദുബൈ കോടതി. കാറിന്‍റെ വിലയും നഷ്ടപരിഹാരവും ഉൾപ്പെടെ മുക്കാൽ ലക്ഷത്തോളം ദിർഹം പരാതിക്കാരന് നൽകാനാണ് കോടതി വിധി. അൽഐനിലെ യു.എ.ഇ യൂനിവേഴ്സിറ്റി മാധ്യമവിഭാഗം ജീവനക്കാരനായ കോട്ടക്കൽ സ്വദേശി ജാഫർ ഇബ്രാഹിമിന്‍റെ നിയമപോരാട്ടമാണ് ഫലം കണ്ടത്. കനത്തമഴയിൽ യു.എ.ഇയിൽ വ്യാപകമായി വെള്ളപ്പൊക്കമുണ്ടായതിന് പിന്നാലെ കഴിഞ്ഞവർഷം മേയിലാണ് ജാഫർ ഇബ്രാഹിം ദുബൈയിലെ ഒരു പാക് സ്വദേശിയിൽനിന്ന് മേഴ്സിഡസ് ബെൻസ് കാർ വാങ്ങുന്നത്.
വെള്ളം കയറിയതാണോ എന്ന് ചോദിപ്പോൾ ഇല്ലെന്ന് ഉറപ്പുനൽകിയ ശേഷമാണ് വാഹനം സ്വന്തമാക്കിയത്. ഇതിനുപുറമെ ഇക്കാര്യം ഉറപ്പിക്കാൻ വാഹനം ദുബൈ അൽഖൂസിലെ ഒരു ടെസ്റ്റിങ് കേന്ദ്രത്തിൽ പരിശോധനയും നടത്തി. വെള്ളപ്പൊക്കം വാഹനത്തെ ബാധിച്ചിട്ടില്ല എന്നായിരുന്നു ആദ്യ പരിശോധനഫലം. എന്നാൽ, വാഹനം വാങ്ങി ദുബൈയിൽനിന്ന് താമസസ്ഥലമായ അൽഐനിലേക്കുള്ള ആദ്യയാത്രയിൽതന്നെ തകരാറുകൾ കണ്ടുതുടങ്ങിയതായി വാഹന ഉടമയും മലയാളിയുമായ ജാഫർ ഇബ്രാഹിം പറഞ്ഞു.
രണ്ടാമത്തെ പരിശോധനയിൽ വാഹനം വെള്ളം കയറിയതാണെന്ന് വ്യക്തമായതിന് പിന്നാലെ ജാഫർ നിയമനടപടികൾക്ക് ശ്രമം തുടങ്ങി. എന്നാൽ, സെക്കൻഡ് ഹാൻഡ് വാഹനവിൽപന രംഗത്തുള്ള മലയാളികൾ ഉൾപ്പെടെ നിരുത്സാഹപ്പെടുത്താനാണ് ശ്രമിച്ചത്. എങ്കിലും ദുബൈയിലുള്ള സഹോദരന്‍റെ സഹായത്തോടെ ജാഫർ കോടതിയെ സമീപിച്ചു.
ഒന്നരവർഷം നീണ്ട പോരാട്ടത്തിനൊടുവിൽ കോടതി അനുകൂല വിധി പ്രഖ്യാപിക്കുകയായിരുന്നു. ഇത്തരം തട്ടിപ്പിന് വിധേയരാകുന്ന സാധാരണക്കാരായ പ്രവാസികൾക്ക് പ്രതീക്ഷയേകുന്നതാണ് തനിക്ക് അനുകൂലമായ കോടതി വിധിയെന്ന് ജാഫർ ഇബ്രാഹിം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.