ഷാർജ: ഇസ്രായേൽ അധിനിവേശത്തിൽ ദുരിതമനുഭവിക്കുന്ന ഗസ്സയിലെ ഫലസ്തീൻ ജനതക്ക് ഷാർജ ചാരിറ്റി ഇന്‍റർനാഷനൽ (എസ്.സി.ഐ) 6,000 ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കും. ഓപറേഷൻ ഗാലന്‍റ് നൈറ്റ് 3 സംരംഭത്തിന്‍റെ ഭാഗമായി നടത്തുന്ന മാനുഷിക പ്രവർത്തനങ്ങളുടെ ഭാഗമായാണ് നീക്കം. 2,370 ഭക്ഷ്യ പാർസലുകൾ, 1000 ഹെൽത്ത് കിറ്റുകൾ, 25,00 ബ്ലാങ്കറ്റുകൾ എന്നിവ ഉൾപ്പെടുന്നതാണ് സഹായമെന്ന് ഷാർജ ചാരിറ്റി ഇന്‍റർനാഷനൽ എക്സിക്യുട്ടീവ് ഡയറക്ടർ അബ്ദുല്ല സുൽത്താൻ ബിൻ ഖാദിം പറഞ്ഞു.
ദേശീയ ജീവകാരുണ്യ പ്രവർത്തനങ്ങളെയും സംയുക്തമായി നടത്തുന്ന റിലീഫ് കാമ്പയിനുകളെയും പിന്തുണക്കുന്നതിലുള്ള ചാരിറ്റിയുടെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൊത്തം 57 ടൺ വസ്തുക്കൾ ഉൾക്കൊള്ളുന്ന കപ്പലാണ് ഗസ്സക്ക് പുറപ്പെടുക. 2600ലധികം കുടുംബങ്ങൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.
സംഭാവന അർപ്പിക്കുന്നതിനായി ചാരിറ്റിയുടെ വെബ്സൈറ്റ്, എസ്.എം.എസ് സർവിസ്, ബാങ്ക് ട്രാൻസ്ഫർ, ക്രെഡിറ്റ് കാർഡുകൾ, സ്മാർട്ട് കിയോസ്കുകൾ, ഡിജിറ്റൽ പേമെന്‍റ് പ്ലാറ്റ്ഫോമുകൾ എന്നിവ ഇപ്പോഴും പ്രവർത്തിച്ചുവരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിലെ അംഗങ്ങളോടും ജീവകാരുണ്യ പ്രവർത്തകരോടും റിലീഫ് പ്രവർത്തനങ്ങളെ പിന്തുണക്കാനും അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.