ദുബൈ: ദുബൈ ഫോക് ലോർ അക്കാദമിയിൽ അരങ്ങേറിയ ‘ഖവ്വാലി ഖയാൽ’ സംഗീതപ്രേമികൾക്ക് അവിസ്മരണീയമായ അനുഭവമായി. സാംസ്കാരിക പ്രവർത്തകൻ ബഷീർ തിക്കോടി അണിയിച്ചൊരുക്കിയ ഈ സംഗീത നിശ, പ്രശസ്തരായ ഗായകരുടെ ആലാപന മികവുകൊണ്ടും വൈവിധ്യ സംഗീത ശാഖകളുടെ ആത്മാവുണർത്തുന്ന ഈണങ്ങളുടെ അവതരണങ്ങൾ കൊണ്ടും ഏറെ ശ്രദ്ധേയമായി. എ.ആർ. റഹ്മാൻ അനശ്വരമാക്കിയ ‘ഖ്വാജാ മേരേ ഖ്വാജാ...’ എന്ന ഗാനവുമായി പിന്നണി ഗായിക യുമ്‌ന അജിൻ വേദിയിലെത്തിയതോടെ ഖവ്വാലി ഖയാലിന് ഉജ്ജ്വല തുടക്കമായി. യുമ്‌നയുടെ സ്വരമാധുരി സദസ്സിനെ ഒന്നടങ്കം കീഴടക്കി. തുടർന്ന്, ടി.പി. ആലിക്കുട്ടി ഗുരുക്കൾ രചിച്ച് കോഴിക്കോട് അബൂബക്കർ സംഗീതം നൽകിയ ‘ഖൈറുൽ ബറായ സയ്യിദി...’ എന്ന മാപ്പിളപ്പാട്ടുമായി ഇസ്മായിൽ തളങ്കര എത്തിയപ്പോൾ സദസ്സും ആവേശത്തോടെ ഏറ്റുപാടി.
ഹിന്ദി സിനിമ സംഗീതത്തിലെ നിത്യഹരിത ഗാനമായ ‘മേരാ ദിൽ യേ പുകാരെ ആജാ...’ എന്ന പാട്ടുമായി നാച്ചു കാലിക്കറ്റ് വേദിയിൽ എത്തിയപ്പോൾ നിറഞ്ഞ കൈയടികളോടെയാണ് കാണികൾ സ്വീകരിച്ചത്. ഹേമന്ത് കുമാറിന്‍റെ സംഗീതത്തിൽ പിറന്ന ഈ ഗാനം നാച്ചുവിന്‍റെ കരുത്തുറ്റ ശബ്ദത്തിൽ പുനർജനിച്ചു.
നുസ്രത്ത് ഫത്തേ അലി ഖാൻ, ഗായകൻ മുഹമ്മദ് റാഫി, ലതാ മങ്കേഷ്കർ, എ.ആർ. റഹ്മാൻ, എം.എസ്. ബാബുരാജ് തുടങ്ങിയ പ്രതിഭകളുടെ പ്രശസ്തമായ ഗാനങ്ങൾ വേദിയെ ധന്യമാക്കി. ഖവ്വാലി, ഗസൽ, പഴയകാല ഹിന്ദി ഗാനങ്ങൾ, സൂഫി സംഗീതം, ചടുലമായ മാപ്പിളപ്പാട്ടുകൾ എന്നിവ കോർത്തിണക്കിയ പരിപാടി ദുബൈയിലെ സംഗീത നിശകളിൽ വേറിട്ട ഒന്നായി മാറി. ആജിൽ ഗ്രൂപ് സി.ഇ.ഒ സിറാജ് എം.സി പരിപാടി ഉദ്ഘാടനം ചെയ്തു. തജ്‌വി ഗോൾഡ് മാനേജിങ് ഡയറക്ടർ മുജീബ് റഹ്മാൻ, കുറുമോത്ത് മൊയ്തീൻ അടക്കമുള്ളവർ സംബന്ധിച്ചു. യാസിർ ഹമീദ് ആയിരുന്നു ചടങ്ങിന്‍റെ അവതാരകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.