ദുബൈ: യു.എ.ഇയിലെ 13 വിഭാഗം ഡോക്ടർമാർക്ക് അടിയന്തര ഘട്ടങ്ങളിൽ ട്രാഫിക് പിഴ ഈടാക്കില്ല. ഈ സമയങ്ങളിൽ നിയമപരമായ വേഗ പരിധിക്ക് മുകളിൽ വേഗതയിൽ വാഹനമോടിക്കാനും, റോഡ് ഷോൾഡർ ഉപയോഗിക്കാനും, ട്രാഫിക് പട്രോളിങ്ങിൽനിന്ന് സഹായം തേടാനും ഇവർക്ക് സാധിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ നൂതനമായ ‘ബിൻ വരീഖ’ അടിയന്തര സേവനത്തിന് കീഴിലാണ് ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് ജീവൻരക്ഷാ നടപടികൾ ലളിതമാക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്.
ആശുപത്രിയിൽനിന്ന് അടിയന്തര അറിയിപ്പ് ലഭിച്ചാൽ ഡോക്ടർക്ക് ആപ് വഴി സേവനം ഉപയോഗിക്കാം. ഈ സമയത്ത് മന്ത്രാലയത്തിന്റെ ഓപറേഷൻസ് റൂം ഡോക്ടറുടെ റൂട്ട് തത്സമയം നിരീക്ഷിക്കുകയും സുഗമവും സുരക്ഷിതവുമായി കടന്നുപോകാൻ സഹായിക്കുകയും ചെയ്യും. 2020 ജൂലൈയിൽ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്. ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്യാനാണ് ‘ബിൻ വരീഖ’ സംരംഭം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്ലിക്കേഷനിലൂടെ ലഭ്യമാകുന്ന ഈ സേവനം, അടിയന്തര സാഹചര്യങ്ങളിൽ ഡോക്ടർമാരെ അവരുടെ ജോലിസ്ഥലങ്ങളിലേക്ക് സുരക്ഷിതമായും തടസ്സങ്ങളില്ലാതെയും വേഗത്തിലും എത്തിക്കുന്നത് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഡോക്ടറുടെ സൗകര്യത്തിനുള്ള ഈ സേവനത്തിന്റെ യഥാർഥ ഗുണഭോക്താവ്, ഡോക്ടർക്ക് എത്ര വേഗത്തിൽ എത്തിച്ചേരാൻ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കുന്ന രോഗിയും അദ്ദേഹത്തിന്റെ ജീവനുമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സേവന വികസന വകുപ്പ് ഡയറക്ടർ കേണൽ ഡോ. സഈദ് മുഹമ്മദ് അൽ ദഹൂരി പറഞ്ഞു. ഗതാഗതക്കുരുക്കിൽ ആശുപത്രികളിൽ എത്തുന്നതിന് പലപ്പോഴും ഡോക്ടർമാർ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് സംവിധാനം ഏർപ്പെടുത്തിയത്.
‘ബിൻ വരീഖ’ സേവനം ഉപയോഗിക്കാൻ താൽപര്യമുള്ള ഡോക്ടർമാർ സാധുവായ മെഡിക്കൽ ലൈസൻസ്, മുൻകൂർ അനുമതി, സ്പെഷലൈസ്ഡ് എമർജൻസി ഡ്രൈവിങ് കോഴ്സ് പൂർത്തിയാക്കൽ എന്നിവ ഉൾപ്പെടെയുള്ള കർശനമായ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. സേവനം ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് വഴിയൊരുക്കിക്കൊടുക്കാൻ മറ്റു ഡ്രൈവർമാർ ശ്രദ്ധിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.