ദുബൈ: ലക്ഷ്വറി ഷോപ്പിൽനിന്ന് 7000 ദിർഹം വിലയുള്ള ഹാൻഡ്ബാഗ് മോഷ്ടിച്ച വിനോദസഞ്ചാരിക്ക് തടവുശിക്ഷ. ദുബൈയിലെ ഒരു മാളിലെ ആഡംബര റീട്ടെയിൽ സ്റ്റോറിൽനിന്നാണ് മോഷണം നടത്തിയ യൂറോപ്യൻ സ്ത്രീക്കാണ് ഒരു മാസം തടവുശിക്ഷ വിധിച്ചത്. ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്.കോടതി രേഖകൾപ്രകാരം അടുത്തിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു പുരുഷനും നാല് സ്ത്രീകളും അടങ്ങുന്ന സംഘം ഉപഭോക്താക്കളായി വേഷം ധരിച്ച് ഷോപ്പിലെത്തി മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഹാൻഡ്ബാഗ് കാണാതായത്.
കടയിലെ ഒരു ജീവനക്കാരൻ ഇക്കാര്യം ശ്രദ്ധിച്ചതിനെത്തുടർന്ന് റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഉൽപന്നങ്ങളുടെ വില ചോദിച്ചാണ് സംഘം തന്നോട് സംഭാഷണത്തിൽ ഏർപ്പെട്ടതെന്ന് ജീവനക്കാരൻ പറഞ്ഞു.ഇവർ മടങ്ങിയതിനുശേഷം ജീവനക്കാരന് സംശയം തോന്നുകയും കടയിലെ നിരീക്ഷണ ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ഇതിലാണ് മോഷണം വ്യക്തമായത്.
സ്ത്രീകളിൽ ഒരാൾ വിലകൂടിയ ബാഗ് രഹസ്യമായി കൈക്കലാക്കുന്നതും സംഘത്തിലെ മറ്റുള്ളവർ ജീവനക്കാരുടെ ശ്രദ്ധ തിരിക്കുന്നതും വിഡിയോയിൽ പതിഞ്ഞിട്ടുണ്ട്.റിപ്പോർട്ട് ലഭിച്ചയുടൻതന്നെ ദുബൈ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. ദുബൈ പൊലീസ് ക്രിമിനൽ അന്വേഷണ സംഘം ദൃശ്യങ്ങൾ പരിശോധിക്കുകയും പ്രതിയെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.ചോദ്യം ചെയ്യലിൽ ഹാൻഡ്ബാഗ് എടുത്തെന്ന് സ്ത്രീ സമ്മതിക്കുകയും ചെയ്തു. തുടർന്ന് കോടതി വിചാരണ പൂർത്തിയാക്കിയാണ് ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.